വിദ്യാര്‍ഥികള്‍ക്കായി പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി

post

* സംസ്ഥാനതല ഉദ്ഘാടനം ജനുവരി 25ന്

തിരുവനന്തപുരം : ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി സ്‌കൂളുകളില്‍ കായിക വകുപ്പ് ആരംഭിക്കുന്ന പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 25ന് കണ്ണൂര്‍ തളാപ്പ് ഗവണ്‍മെന്റ് മിക്‌സ്ഡ് യു.പി സ്‌കൂളില്‍ നടക്കും. രാവിലെ 9.30ന് വ്യവസായകായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനാകും. വിദ്യാര്‍ഥികളുടെ ശാരീരികമാനസികാരോഗ്യം ഉറപ്പാക്കാനും അവരെ കായിക മികവിലേക്ക് ഉയര്‍ത്താനും ലക്ഷ്യമിടുന്നതാണ് പദ്ധതി. സിഡ്‌കോയുടെ സാങ്കേതിക സഹകരണത്തോടെ ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ 25 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

കായികക്ഷമത വളര്‍ത്താനുള്ള ഇന്‍ഡോര്‍ഔട്ട്‌ഡോര്‍ കായിക ഉപകരണങ്ങള്‍ സ്‌കൂളുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. ബാസ്‌ക്കറ്റ്‌ബോള്‍, ഫുട്‌ബോള്‍ തുടങ്ങിയ കായിക ഇനങ്ങളിലുള്ള അഭിരുചി കണ്ടെത്താന്‍ പരിശീലനം നല്‍കും. നട്ടെല്ലിനും പേശികള്‍ക്കും ശരീരത്തിലെ ബാലന്‍സിങ്ങിനും ഉത്തേജനവും ആരോഗ്യവും പ്രദാനം ചെയ്യുന്ന സ്‌പൈറല്‍ ബംബി സ്ലൈഡര്‍, കൈകാലുകളുടെ ആരോഗ്യവും ചലന ശേഷിയും പരിപോഷിപ്പിക്കുന്ന ആര്‍ ആന്‍ഡ് എച്ച് പാര്‍ക് എന്നീ ഉപകരണങ്ങളാണ് ഔട്ട്‌ഡോറില്‍ സ്ഥാപിച്ചിരിക്കുന്നത്. ബാസ്‌ക്കറ്റ്‌ബോള്‍ അറ്റംപ്റ്റര്‍, ഫുട്‌ബോള്‍ ട്രെയിനര്‍, ബാലന്‍സിങ്ങ് വാക്ക് തുടങ്ങിയവയാണ് ഇന്‍ഡോറില്‍ സജ്ജമാക്കിയിരിക്കുന്നത്. സ്‌കൂള്‍ അധ്യാപകരെയാണ് പരിശീലനത്തിനായി ചുമതലപ്പെടുത്തുക. ഇതിനായി അധ്യാപകര്‍ക്ക് പ്രത്യേക പരിശിലനം നല്‍കും. പദ്ധതി നടത്തിപ്പിന്റെ പുരോഗതി വിലയിരുത്താന്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. മികച്ച പ്രകടനം നടത്തുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും കണ്ടെത്തി പ്രത്യേക പ്രോത്സാഹനം നല്‍കും.

ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കഠിനംകുളം, ഗവണ്‍മെന്റ് ഗോപിക സദനം എല്‍.പി സ്‌കൂള്‍ പേരൂര്‍, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ ആറാംപുന്ന, ഗവണ്‍മെന്റ് എല്‍.വി.എല്‍.പി സ്‌കൂള്‍ കുന്നന്താനം, ഗവണ്‍മെന്റ് എച്ച്.എസ്.എസ് നെടുങ്കുന്നം, ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ നങ്ങ്യാര്‍കുളങ്ങര, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ അമ്പലപ്പുഴ, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ പെരുനീര്‍മംഗലം, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ ചക്കരകുളം, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ മട്ടത്തൂര്‍, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ മുക്കാട്ടുകര, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ പുതുക്കോട്, ഗവണ്‍മെന്റ് ഫിഷറീസ് എല്‍.പി സ്‌കൂള്‍ വെളിയങ്കോട്, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ എടപ്പാള്‍, ജി.എം.യു.പി സ്‌കൂള്‍ അരീക്കോട്, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കല്ലുപാടി, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ വടക്കുമ്പാട്, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കണ്ണവം, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ മുഴപ്പിലങ്ങാട്, ഗവണ്‍മെന്റ് മിക്‌സഡ് യു.പി സ്‌കൂള്‍ തളാപ്പ്, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കീക്കാംകോട്, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കുളത്തൂര്‍, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കണ്ടങ്ങോട്, ഗവണ്‍മെന്റ് വി.ജെ.ബി.എസ് തൃപ്പൂണിത്തറ, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കല്ലാര്‍ തുടങ്ങിയ 25 സ്‌കൂളുകളിലാണ് പദ്ധതി.