ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണത്തിലൂടെ വൈജ്ഞാനിക സമ്പദ്ഘടന യാഥാര്‍ത്ഥ്യമാക്കും: മുഖ്യമന്ത്രി

post

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണത്തിലൂടെ സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ്ഘടന യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനും ഗ്ലോബലിക്‌സും സംയുക്തമായി സംഘടിപ്പിച്ച വൈജ്ഞാനിക സമ്പദ്ഘടനയായി കേരളത്തെ മാറ്റാനുള്ള മുന്നൊരുക്കം സംബന്ധിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ മേഖലകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്ടിച്ച് കേരളത്തിലെ വൈജ്ഞാനിക രംഗത്തേക്ക് ലോകത്തെ ആകര്‍ഷിക്കും. ഇതിന് പ്രത്യേകശ്രദ്ധയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കേരളത്തിന്റെ ഉയര്‍ന്ന സാക്ഷരതാ നിരക്കും മികച്ച നൈപുണ്യ വൈദഗ്ധ്യവുമാണ് വൈജ്ഞാനിക സമ്പദ്ഘടനയുടെ അടിസ്ഥാനം. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഡിജിറ്റല്‍ രംഗത്തെ ജനധിപത്യവത്കരണത്തിലൂടെ മാത്രമേ എല്ലാവര്‍ക്കും തുല്യഅവസരം ഉണ്ടാകൂ. ഡിജിറ്റല്‍രംഗത്തെ അന്തരം കുറയ്ക്കാനാണ് കെഫോണ്‍ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നത്. പദ്ധതിയിലൂടെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും  നല്‍കാനാവുമെന്നും അദ്ദേഹം പറഞ്ഞു. വൈജ്ഞാനിക സമ്പദ്ഘടനയിലേക്കുള്ള മാറ്റത്തിലുള്ള സുപ്രധാനമായ തീരുമാനങ്ങളാണ് ഉന്നത വിദ്യാഭ്യാസ രഗത്തെ പുനഃസംഘടിപ്പിക്കുന്നതും ഗ്ലോബല്‍ ജോബ് പോര്‍ട്ടല്‍ തുടങ്ങുന്നതെന്നും വെബിനാറില്‍ അധ്യക്ഷത വഹിച്ച ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.

ഡെന്‍മാര്‍ക്ക് ആല്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂള്‍ എമിറേറ്റ്‌സ് പ്രൊഫസര്‍ ബംഗ് ആക്കെ ലുന്‍ഡ്വാള്‍ വെബിനാറില്‍ മുഖ്യാതിഥിയായി. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കെഡിസ്‌ക് ചെയര്‍മാന്‍ ഡോ.കെ.എം എബ്രഹാം, ജിടെക് ജോയിന്റ് സെക്രട്ടറി ദീപു സക്കറിയ എന്നിവര്‍ പ്രത്യേക പ്രഭാഷണം നടത്തി. ഗിഫ്റ്റ് ഡയറക്ടര്‍ കെ. ജെ ജോസഫ്, ഐ.ടി വകുപ്പ് അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് വൈ. സഫിറുള്ള എന്നിവര്‍ പങ്കെടുത്തു.