കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങള്‍; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്

post

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ നേട്ടമാക്കാനുള്ള ഇച്ഛാശക്തിയുടെ പ്രതീകമാവുകയാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍. 2019-20 സാമ്പത്തിക വര്‍ഷം ലാഭത്തിലായത് 15 പൊതുമേഖലാ സ്ഥാപനങ്ങളാണ്. 3149 കോടി രൂപയുടെ വിറ്റുവരവാണ് ഇക്കാലയളവില്‍ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വന്തമാക്കിയത്.

കലവൂരിലെ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് ആണ് ഇതില്‍ മുന്‍നിരയിലുള്ളത്. കെഎസ്ഡിപി 2019-20 ല്‍ 7.13 കോടിയുടെ റെക്കോഡ് ലാഭം നേടി. ഈ സാമ്പത്തിക വര്‍ഷം 100 കോടിയുടെ വിറ്റുവരവാണ് സ്ഥാപനം സ്വന്തമാക്കിയത്. കോവിഡ് ആശങ്കയായി കേരളത്തിലെത്തിയ ആദ്യഘട്ടത്തില്‍ തന്നെ സാനിറ്റൈസര്‍ നിര്‍മ്മാണത്തില്‍ സ്ഥാപനം ശ്രദ്ധയൂന്നി. വിപണിയിടപെടലിലൂടെ സാനിറ്റൈസറുകളുടെ വില നിര്‍ണയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് വേളയിലും സ്‌കൂളുകള്‍ വീണ്ടും തുറന്നപ്പോഴും സാനിറ്റൈസര്‍ വിതരണം ചെയ്തതും കെഎസ്ഡിപിയാണ്. കോവിഡ് രോഗനിര്‍ണയം നടത്തുന്നതിന്  സ്വാബ് ശേഖരിക്കുന്ന എക്സാമിനേഷന്‍ ബൂത്ത്, സ്വാബ് കലക്ഷന്‍ ബൂത്ത്, ഈസി ഐസൊലേറ്റ് സംവിധാനം, ഫെയ്സ് മാസ്‌ക് ഡിസ്‌പോസല്‍ ബിന്‍ എന്നിവയുടെ നിര്‍മാണവും ആരംഭിച്ചു. പാരസെറ്റമോള്‍ മാത്രം നിര്‍മ്മിച്ചിരുന്ന സ്ഥാപനം ആന്റിബയോട്ടിക്കുകള്‍, ഇഞ്ചക്ഷന്‍ മരുന്നുകള്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള മരുന്നുകള്‍ എന്നിവ നിര്‍മ്മിക്കുന്നു.

'ബ്രേക്ക് ദി ചെയിന്‍' ക്യാംപയിനിന്റെ ഭാഗമായി ചെലവ് കുറഞ്ഞ രീതിയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉല്‍പ്പാദിപ്പിച്ച് ട്രാവന്‍കൂര്‍ ടൈറ്റാനിയവും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. തനതായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് 'ടൈ - സെക്യൂര്‍' എന്ന പേരില്‍ ഹാന്‍ഡ് സാനിറ്റൈസറും ലിക്വിഡ് സോപ്പും വാഷ്‌റൂം ലോഷനും വിപണിയില്‍ എത്തിച്ചു. ദിനംപ്രതി അയ്യായിരം ലിറ്റര്‍ വരെ ഉത്പ്പാദന ശേഷിയില്‍ ഹാന്‍ഡ് സാനിറ്റിസര്‍ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. കമ്പനിയിലെ ഉപോത്പ്പന്നമായ ചുവന്ന ജിപ്സം ഉപയോഗിച്ച് കടല്‍ക്ഷോഭം തടയാന്‍ നിര്‍മ്മിച്ച ബ്ലോക്കുകള്‍ പുതിയ പ്രതീക്ഷയാണ്. റെയില്‍വെ പ്ലാറ്റ്ഫോം, റോഡ്, വീട് നിര്‍മ്മാണം എന്നിവയ്ക്ക് ഉപയോഗയോഗ്യമായ രീതിയില്‍ ഇവ വികസിപ്പിക്കാനുള്ള നടപടി പുരോഗമിക്കുന്നു.

നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള ദീര്‍ഘകാല പദ്ധതിയാണ് ചവറയിലെ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍) വിഭാവനം ചെയ്തിരിക്കുന്നത്. കരിമണലില്‍ നിന്ന് ധാതുക്കള്‍ വേര്‍തിരിക്കുന്ന നവീന സംവിധാനമായ 'ഫ്രോത്ത് ഫ്ളോട്ടേഷന്‍' നടപ്പാക്കി. 70 ടണ്‍ ഉത്പ്പാദന ശേഷിയുള്ള പുതിയ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയതോടെ പുറത്ത് നിന്ന് ഓക്‌സിജന്‍ വാങ്ങുന്നതിനുള്ള വലിയ ചെലവാണ് ഒഴിവായത്. മെഡിക്കല്‍ ഓക്‌സിജന്‍ വിതരണവും ഇതോടൊപ്പം സാധ്യമായി. കോവിഡ് കാലത്ത് ആരോഗ്യമേഖലയ്ക്ക് വലിയ ആശ്വാസമാകുന്നതായിരുന്നു പദ്ധതി. അസംസ്‌കൃത വസ്തുവായ കരിമണല്‍ കണ്ടെത്താന്‍ തോട്ടപ്പള്ളിയില്‍ നിന്നടക്കം മണ്ണ് നീക്കം ചെയ്യാന്‍ അനുമതി നല്‍കി. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം ഇല്ലാതാക്കുന്നതോടൊപ്പം കുട്ടനാട് മേഖലയെ വെള്ളപ്പൊക്കത്തില്‍ നിന്ന് സംരക്ഷിക്കുക കൂടി ചെയ്ത നിര്‍ണായക തീരുമാനമായിരുന്നു അത്. ഫില്‍ട്ടര്‍-ഡ്രൈയിംഗ് പ്രക്രിയയ്ക്കാവശ്യമായ പുതിയ പ്ലാന്റ് നിര്‍മ്മാണം ആരംഭിച്ചു. ആസിഡ് റീ ജെനറേഷന്‍ പ്ലാന്റടക്കം ബൃഹത്തായ പദ്ധതികളും പരിഗണനയിലുണ്ട്.

കൊച്ചി, നാഗ്പൂര്‍, ചെന്നൈ നഗരങ്ങളിലെ സ്മര്‍ട്ട് സിറ്റി പദ്ധതിയില്‍ പങ്കാളിയായതിലൂടെ കെല്‍ട്രോണും നേട്ടത്തിന്റെ പാതയിലാണ്. ഫിഷറീസ് വകുപ്പിന് നാവിക് ഉപകരണങ്ങള്‍, നാവികസേനയ്ക്കായി എക്കോ സൗണ്ടര്‍, വില കുറഞ്ഞ ഹിയറിങ് എയ്ഡുകള്‍ എന്നിവ നിര്‍മ്മിക്കുന്നു. പൊലീസും മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് ആഭ്യന്തര സുരക്ഷാ പദ്ധതിയും നടപ്പാക്കുന്നു. എയ്‌റോസ്‌പെയ്‌സ് പദ്ധതികള്‍ക്കു വേണ്ടിയുള്ള ക്ലീന്‍ റൂമും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ നിര്‍മ്മിക്കാനുള്ള സൗകര്യവും കെല്‍ട്രോണ്‍ കമ്മ്യൂണിക്കേഷന്‍ കോംപ്ലക്‌സില്‍ സജ്ജമായിട്ടുണ്ട്. മെഡിക്കല്‍ രംഗത്തിന് ആവശ്യമായ വെന്റിലേറ്റര്‍ നിര്‍മ്മാണവും അന്തിമഘട്ടത്തിലാണ്. കോവിഡ് പ്രതിസന്ധിക്കിടയിലും മലബാര്‍ സിമന്റ്‌സ് ലാഭത്തിലായി. 1.2 കോടി ലാഭം നേടിയ സ്ഥാപനം ആറ് കോടിയുടെ പ്രവര്‍ത്തന ലാഭവും നടപ്പ് സാമ്പത്തിക വര്‍ഷം കൈവരിച്ചു.

ആധുനിക വ്യവസായങ്ങള്‍ക്കൊപ്പം പരമ്പരാഗതമേഖലയും വളര്‍ച്ചയുടെ പാതയിലാണ്. കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്റെ (കെ.എസ്.ടി.സി.) കീഴിലുള്ള രണ്ട് മില്ലുകളും നാല് സഹകരണ സ്പിന്നിങ് മില്ലുകളും കഴിഞ്ഞ നവംബറില്‍ പ്രവര്‍ത്തന ലാഭം കൈവരിച്ചു. മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ പ്രവര്‍ത്തനലാഭം നേടി. നവംബറില്‍ ലാഭവും സ്വന്തമാക്കി. കോമളപുരം സ്പിന്നിങ് ആന്റ് വീവിങ് മില്‍, ഉദുമ ടെക്സ്റ്റൈല്‍ മില്‍, പിണറായി ഹൈടെക് വീവിങ്ങ് മില്‍ എന്നിവിടങ്ങളില്‍ ഉല്‍പ്പാദനം ആരംഭിച്ചത് മേഖലയ്ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്.  മലബാര്‍ സ്പിന്നിംഗ് ആന്റ് വീവിംഗ് മില്‍സ്, മാല്‍കോടെക്സ്, കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്‍, ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍ എന്നിവിടങ്ങളില്‍ നിന്ന് നൂല്‍ കയറ്റുമതിയും നടക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷാ മാസ്‌ക് നിര്‍മ്മാണങ്ങളില്‍ കെഎസ്ടിസി മില്ലുകള്‍ പങ്കാളികളായി.

അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന ഫെറസ് ഫൗണ്ടറി നിര്‍മ്മാണശാല ഓട്ടോകാസ്റ്റ് പുതിയ നേട്ടങ്ങള്‍ കൈവരിക്കുകയാണ്. ചരക്ക് തീവണ്ടികള്‍ക്കായുള്ള കാസ്‌നബ് ബോഗികള്‍ ഉത്തര റെയില്‍വേയ്ക്കായി നിര്‍മ്മിച്ചു നല്‍കി. മാരുതിയുടെ ആവശ്യത്തിനുള്ള  ബ്രേക്ക് ഓര്‍ഡറും ഓട്ടോകാസ്റ്റിന് നല്‍കി. തദ്ദേശീയ നാവിഗേഷന്‍ സംവിധാനമായി ഐആര്‍എന്‍എസ്എസ് അടിസ്ഥാനമാക്കി വാഹന ട്രാക്കിങ് സംവിധാനം യുണൈറ്റഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആസ്തി ഇല്ലാതായി പ്രതിസന്ധിയിലായിരുന്ന ടിസിസി, 2019-20 ല്‍ 55.87 കോടി ലാഭം നേടി. കാസ്റ്റിക് സോഡ പ്ലാന്റ്, കാസ്റ്റിക് കോണ്‍സെന്‍ട്രേഷന്‍ യൂണിറ്റ്, ഹൈഡ്രോക്ലോറിക് ആസിഡ് സിന്തസിസ് യൂണിറ്റ് എന്നിവ തുടങ്ങി. കാസ്റ്റിക് സോഡ കയറ്റുമതിയും ആരംഭിച്ചു.

കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് ആരംഭിച്ച കേരളാ നീം ജി  ഇലക്ട്രിക് ഓട്ടോയ്ക്ക് നല്ല പ്രചാരമാണ് ലഭിക്കുന്നത്. നേപ്പാളിലേക്ക് 33 ഇ-ഓട്ടോകള്‍ കയറ്റുമതി ചെയ്തതിനു പിന്നാലെ എല്ലാ ജില്ലകളിലും ഷോറൂം തുടങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇലക്ട്രിക്ക് വാഹനങ്ങളുടെ ലിഥിയം ടൈറ്റാനേറ്റ് ബാറ്ററി ഉല്‍പ്പാദിപ്പിക്കാനുള്ള ബൃഹദ്പദ്ധതി ഉടന്‍ തുടങ്ങും. കെല്‍ ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോര്‍ നിര്‍മ്മാണത്തിലേക്കും കടക്കുകയാണ്. ഇ- സ്‌കൂട്ടര്‍, ഇ-ഗുഡ്‌സ് ഓട്ടോ, അഞ്ച് സീറ്റുള്ള ഇ- റിക്ഷാ എന്നിവയും കെഎഎല്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്നു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ ഡീസല്‍ ഇന്ധനത്തില്‍നിന്ന് എല്‍ എന്‍ ജിയിലേക്ക് മാറാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇന്ധനച്ചെലവ് പകുതിയിലധികമായി കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും സഹായിക്കുന്നതാണ് ഈ മാറ്റം. കെ എം എം എല്‍, കുണ്ടറയിലെ കേരള സെറാമിക്സ് എന്നിവയുടെ പ്രവര്‍ത്തനം എല്‍ എന്‍ ജിയിലേക്കു മാറ്റി. ഓട്ടോകാസ്റ്റ് ലിമിറ്റഡ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വൈദ്യുതി ഉല്‍പ്പാദനത്തിനായി സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതി ആരംഭിച്ചു.

കോവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആവേശത്തോടെ പങ്കാളികളായി.  42 സ്ഥാപനങ്ങളിലായി 259.53 ഏക്കര്‍ ഭൂമിയാണ് കൃഷി യോഗ്യമായി ഉള്ളത്. ഇതില്‍ 150.325 ഏക്കര്‍ സ്ഥലത്ത് കൃഷി നടക്കുന്നു. വിളവെടുപ്പ് നടത്തിയ 21 സ്ഥാപനങ്ങളില്‍ നിന്നായി അഞ്ച് ലക്ഷത്തിലേറെ രൂപയാണ് കൃഷിയില്‍ നിന്നുള്ള വരുമാനം. ആദ്യ ഘട്ടത്തില്‍ കൃഷി പൂര്‍ത്തിയാക്കിയ സ്ഥാപനങ്ങള്‍ രണ്ടാംഘട്ട പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.