തോട്ടം മേഖലയ്ക്ക് പ്രത്യേക നയം

post

കൊച്ചി: കേരളത്തിന്റെ സമ്പദ്ഘടനയില്‍ സുപ്രധാന സ്ഥാനമുള്ള തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിനായി സമഗ്ര പ്ലാന്റേഷന്‍ നയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. തോട്ടം മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ പരിഹരിച്ച് പഴയ പ്രതാപം വീണ്ടെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്ലാന്റര്‍മാരും തൊഴിലാളികളും വ്യവസായികളും ഉള്‍പ്പെടെ മേഖലയുമായി ബന്ധപ്പെട്ടവരുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വരൂപിച്ചാണ് നയത്തിന് അന്തിമരൂപം നല്‍കുക.  

കരട് നയം ചര്‍ച്ച ചെയ്യുന്നതിനായി ജനുവരി 21ന് ചൊവ്വാഴ്ച എറണാകുളത്ത് ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കും. രാവിലെ 10 മണിമുതല്‍ പാലാരിവട്ടം റെനൈയ് കൊച്ചിന്‍ ഹോട്ടലിലാണ് ശില്‍പ്പശാല. തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംേപ്ലായ്‌മെന്റ് (കിലെ)യുടെ ആഭിമുഖ്യത്തിലാണ് ശില്‍പ്പശാലയെന്നും മന്ത്രി പറഞ്ഞു. 

തോട്ടംമേഖലയെ  പുനരുജ്ജീവിപ്പിച്ച് തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനവും ജീവിതസൗകര്യങ്ങളും ഉറപ്പുവരുത്തല്‍, ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കല്‍,  വൈവിധ്യവല്‍ക്കരണം, ഉല്‍പ്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം, മൂല്യവര്‍ധിത  ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, വിപണി കണ്ടെത്തല്‍ തുടങ്ങിയവയ്ക്ക് പ്ലാന്റേഷന്‍ നയം ഊന്നല്‍ നല്‍കും. 

തോട്ടങ്ങളുടെ നിലവിലുള്ള അടിസ്ഥാനഘടനയില്‍ ഒരു മാറ്റവും വരുത്താതെ ചില പരിഷ്‌കരണനടപടികള്‍ സ്വീകരിച്ച് ഇതുവഴി വരുമാനവും തൊഴിലും വര്‍ധിപ്പിക്കല്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തിനായി വ്യവസായ വകുപ്പിന് കീഴില്‍ നിലവിലുള്ള ക്ലസ്റ്റര്‍ പദ്ധതികള്‍ തോട്ടം വിളകള്‍ക്കും നടപ്പിലാക്കല്‍,  കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ കണക്കിലെടുത്ത് പശ്ചിമഘട്ട മേഖലയിലെ ജലം, മണ്ണ്, വായു എന്നിവ സംരക്ഷിക്കല്‍,  തോട്ടവിളകളുടെ വികസനത്തിനായി കോ ഓര്‍ഡിനേഷന്‍ സമിതി,  സംസ്ഥാനത്തെ എല്ലാ തോട്ടങ്ങളെയും ഉള്‍പ്പെടുത്തി ഡേറ്റാ ബാങ്ക്, വ്യവസായ സംരംഭങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും തോട്ടം മേഖലയ്ക്ക് കൂടി ലഭ്യമാക്കല്‍,  എല്ലാ തോട്ടവിളകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയ ലക്ഷ്യങ്ങളും നയം മുന്നോട്ടുവെക്കുന്നു. 

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വേതനം കൈപ്പറ്റുന്ന തോട്ടം തൊഴിലാളികള്‍ കേരളത്തിലാണ്. തൊഴിലാളികളുടെ വേതനത്തില്‍ 2019 ജനുവരി മുതല്‍ പ്രാബല്യത്തോടെ പ്രതിദിനം 52 രൂപ വീതം വര്‍ധനവ് വരുത്തിയിട്ടുണ്ട്. പ്ലാന്റേഷന്‍ ലേബര്‍  കമ്മിറ്റി ശക്തിപ്പെടുത്തി തൊഴിലാളികളുടെ വേതനം കൃത്യമായ ഇടവേളകളില്‍ പുതുക്കി നിശ്ചയിക്കാന്‍  നടപടി സ്വീകരിക്കും. റവന്യൂ, വനം, കൃഷി, തൊഴില്‍, വ്യവസായം, തദ്ദേശസ്വയംഭരണം, ധനകാര്യം, നികുതി, വൈദ്യുതി വകുപ്പുകളുമായുളള ആശയവിനിമയത്തിലൂടെ ദൈനംദിന പ്രവര്‍ത്തനവും ഭാവിപരിപാടികളും ആസൂത്രണം ചെയ്യുന്നതിനായി പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കാനും  തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി. 

ഉദാരവത്കരണനയങ്ങളുടെ ഭാഗമായി തോട്ടവിളകള്‍ ഒരു നിയന്ത്രണവുമില്ലാതെ  ഇറക്കുമതി ചെയ്യുന്നതും ഇതേ തുടര്‍ന്നുണ്ടായ വിലത്തകര്‍ച്ചയും   ഉല്‍പാദനത്തിലും ഉല്‍പാദനക്ഷമതയിലുമുണ്ടായ ഇടിവും കാലാവസ്ഥാ വ്യതിയാനവും തോട്ടം വ്യവസായ മേഖലയിലെ പ്രതിസന്ധി വര്‍ധിപ്പിക്കുകയാണ്. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര കാര്‍ഷിക ഉത്പാദനത്തില്‍ തോട്ടം മേഖലയുടെ പങ്ക് കുറഞ്ഞുവരുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നതായി മന്ത്രി പറഞ്ഞു. പ്ലാന്റേഷന്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂമിയുടെ അളവും  ഗണ്യമായി കുറഞ്ഞുവരികയാണ്.  മൂന്നു ലക്ഷത്തിലേറെ തൊഴിലാളികള്‍ ഈ രംഗത്തുണ്ട്.  ഇവരില്‍ പകുതിയിലേറെയും സ്ത്രീകളാണ്. നിലവില്‍ 13 തോട്ടങ്ങള്‍ അടഞ്ഞു കിടക്കുന്നു. ഈ സാഹചര്യങ്ങളെ അതിജീവിച്ച് തോട്ടം മേഖലയ്ക്ക് പുതുജീവന്‍ നല്‍കി തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുകയും സംസ്ഥാനത്തിന്റെ ആഭ്യന്തരവരുമാനം വര്‍ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. തോട്ടങ്ങളുടെ തനിമ നിലനിര്‍ത്തി തൊഴിലും വ്യവസായവും സംരക്ഷിക്കണം.  

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം വ്യവസായം എന്ന നിലയിലും തൊഴില്‍ദായക മേഖല എന്ന നിലയിലും തോട്ടം പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തുടര്‍ച്ചയായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. തോട്ടം പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് എന്‍. കൃഷ്ണന്‍നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാണിത്. പ്ലാന്റേഷന്‍ ടാക്‌സ് പൂര്‍ണ്ണമായും ഒഴിവാക്കുകയും തോട്ടം മേഖലയില്‍ നിന്നും കാര്‍ഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിക്കുകയും ചെയ്തു. റബ്ബര്‍ മരം മുറിച്ചു മാറ്റുമ്പോള്‍ 2500 രൂപ വീതം സീനിയറേജായി ഈടാക്കിയിരുന്നത് ഒഴിവാക്കി. തോട്ടം തൊഴിലാളി ലയങ്ങളെ കെട്ടിട നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ലൈഫ് ഭവനപദ്ധതിയുടെ മാര്‍ഗരേഖകള്‍ക്ക് വിധേയമായി, തൊഴിലാളികള്‍ക്ക് ആവശ്യമായ വാസഗൃഹങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഇടുക്കിയില്‍ ഭവനപദ്ധതിക്ക് തുടക്കം കുറിക്കുകയും കഴിഞ്ഞ ദിവസം അഞ്ചു വീടുകള്‍ കൈമാറുകയും ചെയ്തു. കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് വയനാട്ടില്‍ നൂറ് വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.