'വിമുക്തി' താലൂക്ക് തലത്തിലും വ്യാപിപ്പിക്കും : മന്ത്രി ടി.പി. രാമകൃഷ്ണന്‍

post

*മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം :ലഹരിമുക്തി പ്രോത്സാഹിപ്പിക്കുന്ന വിമുക്തി പദ്ധതി തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ താലൂക്ക് തലത്തിലും വ്യാപിപ്പിക്കുമെന്ന് തൊഴില്‍എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. 2019 ലെ മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലുകള്‍ എക്‌സൈസ് ആസ്ഥാനത്ത് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതികൂല സാഹചര്യങ്ങളിലും ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നടപടിയാണ് എക്‌സൈസ് വകുപ്പ് സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം റിക്കോര്‍ഡ് ലഹരി പദാര്‍ത്ഥങ്ങളാണ് പിടിച്ചെടുത്തത്. ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ എക്‌സൈസ് വകുപ്പ് ബഹൂദൂരം മുന്നോട്ട് പോയെന്നും മന്ത്രി പറഞ്ഞു. മികച്ച സേവനത്തിനുള്ള എക്‌സൈസ് മെഡലിന് 27 പേരാണ് അര്‍ഹരായത്. മധ്യമേഖലയിലേയും ഉത്തരമേഖലയിലേയും മെഡല്‍ ജേതാക്കള്‍ക്ക് യഥാക്രമം എറണാകുളം മധ്യമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ ഓഫീസിലും, കോഴിക്കോട് ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ ഓഫീസിലും ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍മാര്‍ മെഡലുകള്‍ വിതരണം ചെയ്തു.

ചടങ്ങില്‍ ഹലോ എക്‌സൈസ് ആപ്പ്, ഇആംസ് (അസറ്റ് മാനേജ്‌മെന്റ് സോഫ്‌റ്റ്വെയര്‍), ഫ്‌ളീറ്റ് (വെഹിക്കിള്‍ മാനേജ്‌മെന്റ് സിസ്റ്റം) ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. എക്‌സൈസ് വകുപ്പിലെ എല്ലാ ഓഫീസുകളുടെയും പഞ്ചായത്ത്, പോലീസ് തുടങ്ങിയ വകുപ്പുകളുടെ ഫോണ്‍നമ്പര്‍ അടക്കമുള്ള സമ്പര്‍ക്ക വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഹലോ എക്‌സൈസ് ആപ്പ്. പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാനും വകുപ്പിലെ ജീവനക്കാരുടെ ഏകോപനം മെച്ചപ്പെടുത്താനും ആപ്പ് സഹായമാകും. പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. എക്‌സൈസ് ഐ.ടി സെല്ലാണ് ആപ്പ് വികസിപ്പിച്ചത്. വകുപ്പിലെ ആസ്തി വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് ക്രോഡീകരിക്കുന്നതിനാണ് ഇആംസ്  (eARMS) വെബ് ആപ്ലിക്കേഷന്‍.  https.//earms.keralaexcise.gov.in ല്‍ ഇആംസ് ലഭിക്കും. വകുപ്പിലെ വാഹനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും അറ്റകുറ്റപണികളുടെ വിവരങ്ങളും ഏകോപിപ്പിക്കുന്നതിനാണ് ഫ്‌ളീറ്റ് മാനേജ്‌മെന്റ് സിസ്റ്റം.  https.//fleet.keralaexcise.gov.in ല്‍ ഫ്‌ളീറ്റ് ലഭിക്കും.

മികച്ച കേസുകള്‍ കണ്ടെത്തിയ സംസ്ഥാന എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡും പ്രശംസാപത്ര വിതരണവും വിമുക്തി ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. എക്‌സൈസ് കമ്മീഷണര്‍ എസ്. ആനന്ദകൃഷ്ണന്‍, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ഡി. രാജീവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.