നവീകരിച്ച നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം നാടിന് സമര്‍പ്പിച്ചു

post

*സംസ്ഥാനത്തെ ചരിത്ര മ്യൂസിയങ്ങളെല്ലാം സംരക്ഷിക്കപ്പെടും

തിരുവനന്തപുരം  : സംസ്ഥാനത്തെ ചരിത്ര പ്രാധാന്യമുള്ള മ്യൂസിയങ്ങളെല്ലാം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധതയോടെയാണ് ഇടപെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നവീകരിച്ച നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവേഷണത്തിനായി പ്രകൃതി ചരിത്ര സംബന്ധിയായ മാതൃകകള്‍ നിര്‍മിച്ച് പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയത്തില്‍ പുതിയ കാലത്തിനനുസൃതമായ നവീകരണം നടത്താനായിട്ടുണ്ട്. അര നൂറ്റാണ്ട് പിന്നിടുന്ന ഈ മ്യൂസിയത്തിലേക്ക് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാന്‍  നവീകരണം സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ആധുനികമായ പ്രദര്‍ശന സങ്കല്‍പങ്ങള്‍ക്കനുസൃതമായി ആകര്‍ഷകവും വിജ്ഞാനപ്രദവുമായ സംവിധാനങ്ങള്‍ ഒരുക്കിയുളള നവീകരണ പ്രവൃത്തികളാണ് ആറുകോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ സജ്ജീകരണങ്ങള്‍ പ്രദര്‍ശനങ്ങള്‍ക്ക് മികച്ച  സംവേദനക്ഷമത ഉറപ്പു വരുത്തും.

തലസ്ഥാനത്ത് മ്യൂസിയം വളപ്പിനുള്ളില്‍ തന്നെ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഹിസ്റ്ററി മ്യൂസിയം 1964 ല്‍ ആരംഭിച്ച ശേഷം ആദ്യമായാണ് പൂര്‍ണമായും നവീകരിക്കുന്നത്. രണ്ടു നിലകളിലായി 30,000 ചതുരശ്ര അടിയില്‍ സജ്ജമാക്കിയിരിക്കുന്ന മ്യൂസിയത്തില്‍ നാലായിരത്തോളം ജന്തുവര്‍ഗവുമായി ബന്ധപ്പെട്ട കാഴ്ചകളാണുള്ളത്. എട്ട് വ്യത്യസ്ത ഗ്യാലറികളിലായി 1800ലധികം പ്രദര്‍ശന വസ്തുക്കള്‍ ഒരുക്കിയിട്ടുണ്ട്.  വംശനാശം സംഭവിച്ച് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ 19 ജന്തുക്കളുടെ ത്രിമാന രൂപം സജ്ജീകരിച്ച് ഒരുക്കിയ അന്യം നിന്ന ജീവികളുടെ ഗ്യാലറി, ജന്തുഭൗമശാസ്ത്രപരമായി വേര്‍തിരിക്കപ്പെട്ട സസ്തനികളുടെ ഗ്യാലറി എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്. ആന, തിമിംഗലം എന്നിവ ഉള്‍പ്പെടെയു ജീവികളുടെ അസ്ഥികൂടങ്ങളും സ്റ്റഫ് ചെയ്ത പക്ഷികളുടെ വിപുലമായ ശേഖരവും പ്രത്യേക ആകര്‍ഷണങ്ങളാണ്. ഗവേഷകര്‍ക്കായി 2226 പക്ഷികളുടെയും നിരവധി ഉഭയജീവികളുടെയും പഠന സ്‌പെസിമനുകളടങ്ങിയ റെപ്പോസിറ്ററിയാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ പ്രശസ്ത പക്ഷി ശാസ്ത്രജ്ഞനായ സലിം അലി പഠനാവശ്യത്തിനായി സ്റ്റഫ് ചെയ്ത 600 പക്ഷികളും ഉള്‍പ്പെടുന്നു. ഇവയുടെ സമഗ്ര വിവരങ്ങള്‍ സമീപത്തെ ടച്ച് സ്‌ക്രീന്‍ കിയോസ്‌കുകളില്‍ ലഭിക്കും. പൂര്‍ണ്ണമായും ശീതികരിച്ച മ്യൂസിയത്തില്‍  ഭിന്നശേഷി സൗഹൃദയത്തിന്റെ ഭാഗമായി സ്റ്റെയര്‍ ലിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 30 രൂപയും 512 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് 10 രൂപയുമാണ് സന്ദര്‍ശനത്തിനുള്ള ഫീസ്. കുടുംബത്തിനും വിദ്യാര്‍ത്ഥി സംഘത്തിനും ഇളവുകളോടെയുള്ള ടിക്കറ്റുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യാന്തര നിലവാരത്തില്‍ തന്നെ മികച്ച മ്യൂസിയമായി മാറുന്ന തരത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് ഹിസ്റ്ററി മ്യൂസിയത്തില്‍ ചെയ്തിരിക്കുന്നതെന്ന് മ്യൂസിയം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തുറമുഖമ്യൂസിയം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കേരളത്തിന്റെ സാംസ്‌കാരിക ചൈതന്യം നിലനിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ ഉപകാരപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. വി.കെ. പ്രശാന്ത് എം.എല്‍.എ., മേയര്‍ ആര്യ രാജേന്ദ്രന്‍, കൗണ്‍സിലര്‍മാരായ ഡോ. റീന കെ.എസ്., പാളയം രാജന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണു, മ്യൂസിയം ഡയറക്ടര്‍ എസ്.അബു, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ.ദിനേശന്‍, കേരളം മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.ചന്ദ്രന്‍പിള്ള , നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം സൂപ്രണ്ട് പി.വി. വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.