വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും സഹായമായി കൊച്ചിയിലെ സൂപ്പര്‍ ഫാബ് ലാബ്

post

എറണാകുളം: ചെറുകിട വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏറെ ഗുണകരമായതും ഹാര്‍ഡ് വെയര്‍ മേഖലയ്ക്ക് വമ്പന്‍ കുതിച്ചുചാട്ടം നല്‍കുന്നതുമായ സൂപ്പര്‍ ഫാബ് ലാബിന്റെ പ്രവര്‍ത്തനം കേരളത്തില്‍ സജീവമായി. യുഎസിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സഹകരണത്തോടെ 'കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍' ആണ് കൊച്ചിയിലെ സൂപ്പര്‍ ഫാബ് ലാബ് തുടങ്ങിയിരിക്കുന്നത്. അമേരിക്കയ്ക്ക് പുറത്ത് എം.ഐ.ടി നിര്‍മ്മിക്കുന്ന ആദ്യത്തെ സൂപ്പര്‍ ഫാബ് ലാബ് ആണ് കൊച്ചിയിലേത്.

കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിലെ 10,000 ചതുരശ്ര അടി സ്ഥലത്ത് ഏഴു കോടിയിലേറെ രൂപയുടെ അത്യാധുനിക യന്ത്രങ്ങളാണു ഇതിനായി സജ്ജമാക്കിയിട്ടുളളത്. ഫാബ് ലാബുകളില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ കഴിയുന്ന അത്യാധുനിക ലാബാണു സൂപ്പര്‍ ഫാബ് ലാബ്. ഹാര്‍ഡ്വെയര്‍ സ്റ്റാര്‍ട്ടപ്പുകളുടെയും ഹാര്‍ഡ്വെയര്‍ കമ്പനികളുടെയും വളര്‍ച്ചക്ക് സൂപ്പര്‍ ഫാബ് ലാബ് വഴിയൊരുക്കും. ഇതിനോടകം നിരവധി ഗവേഷകര്‍ക്കും വിദ്യര്‍ത്ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സൂപ്പര്‍ ഫാബ് ലാബിന്റെ സഹായം ലഭിച്ചിട്ടുണ്ട്. കോവിഡ് 19 മഹാമാരിക്കിടെ മിനി ഫാബ് ലാബുകളിലൂടെ ഫേസ് ഷീള്‍ഡുകളും  നിര്‍മ്മിച്ച്  വിതരണം ചെയ്തിരുന്നു.

സൂപ്പര്‍ ഫാബ് ലാബിന്റെ സഹായത്തോടെ വലിയ മുതല്‍മുടക്കില്ലാതെ ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയും. സ്റ്റാര്‍ട്ടപ്പുകളുടെയും ചെറുകിട സംരംഭകരുടെയും ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സഹായകമായ യന്ത്രസംവിധാനങ്ങളെല്ലാം സൂപ്പര്‍ ഫാബ് ലാബിലുണ്ട്. സൂക്ഷ്മതയുള്ള ത്രിഡി സ്‌കാനിങ്ങിനും പ്രിന്റിങ്ങിനുമുള്ള സൗകര്യമാണു സൂപ്പര്‍ ഫാബ് ലാബിനെ വേറിട്ടുനിര്‍ത്തുന്നത്. മെറ്റല്‍ മെഷിനിങ് രംഗത്തെ മള്‍ട്ടി ആക്‌സിസ് മാനുവല്‍ ആന്‍ഡ് സിഎന്‍ജി മില്ലിങ്, ടേണിങ്, കട്ടിങ് തുടങ്ങിയവയൊക്കെ സൂപ്പര്‍ ഫാബ് ലാബില്‍ സാധ്യമാകും. പ്ലാസ്റ്റിക്, ഫാബ്രിക് എന്നിവ കട്ട് ചെയ്യാനുള്ള  ഹൈ സ്പീഡ് മെഷീനുകള്‍, ത്രീ ഡി സ്‌കാനിങ്ങിനും പ്രിന്റിങ്ങിനുമുള്ള സൗകര്യം, കൂടാതെ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ നിര്‍മാണത്തിനുള്ള സൗകര്യവും അവയുടെ ടെസ്റ്റിങ് ഉപകരണങ്ങളും സൂപ്പര്‍ ഫാബ് ലാബിലുണ്ട്. ഫര്‍ണിച്ചര്‍ പ്രൊട്ടോടൈപ്പിങ്ങിനുള്ള യന്ത്രങ്ങളും ഇവിടെ ലഭ്യമാണ്. വ്യത്യസ്ത തരത്തിലുള്ള അനേകം ത്രിഡി പ്രിന്ററുകളുള്ളതിനാല്‍ ഉത്പന്നത്തിന്റെ ഓരോ ഭാഗവും വിവിധ തരത്തില്‍ ഒരുമിച്ച് പ്രിന്റ് ചെയ്ത് നിര്‍മ്മിക്കാന്‍ സാധിക്കും.  

സ്റ്റാര്‍ട്ടപ് സംരംഭങ്ങളുടെ ആശയങ്ങള്‍ക്കനുസരിച്ചുള്ള വിപണി മാതൃകകള്‍ തയ്യാറാക്കുന്ന ഫാബ് ലാബുകള്‍ക്ക് വേണ്ടി യന്ത്രങ്ങള്‍ നിര്‍മിക്കുകയാണു സൂപ്പര്‍ ഫാബ് ലാബുകളുടെ ദൗത്യം. നിലവില്‍ ഫാബ് ലാബ് യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുകയാണ്. സൂപ്പര്‍ ഫാബ് ലാബ് യാഥാര്‍ഥ്യമായതോടെ ഇത്തരം യന്ത്രങ്ങള്‍ ഇവിടെത്തന്നെ നിര്‍മിക്കാന്‍ കഴിയുമെന്നതാണു പ്രധാന നേട്ടം. കേരളത്തിലെ ഫാബ് ലാബ് ഇക്കോസിസ്റ്റം വികസിക്കാന്‍ സൂപ്പര്‍ ഫാബ് ലാബ് സഹായിക്കും. തിരുവനന്തപുരം ടെക്നോപാര്‍ക്കിലും കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സിലും ഓരോ ഫാബ് ലാബുകളാണ് ഇപ്പോഴുള്ളത്.

ഇതിനുപുറമെ സംസ്ഥാനത്ത് നിലവില്‍ 20 മിനി ഫാബ് ലാബുകളുണ്ട്.  കോളേജുകളിലും മറ്റും ചെറിയ തോതിലുള്ള സാങ്കേതിക പഠന, ഗവേഷണ, നിര്‍മിതികള്‍ക്കു സഹായിക്കുന്ന ലാബുകളാണു മിനി ഫാബ് ലാബുകള്‍.

വിദ്യര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ് സംരംഭകര്‍, പ്രൊഫഷണല്‍ ഗവേഷകര്‍ എന്നിവര്‍ക്ക് അവരുടെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് സൂപ്പര്‍ ഫാബ് ലാബിനെ സമീപിക്കാം. ആശയങ്ങളില്‍നിന്ന് ഉത്പന്നങ്ങളിലേക്കുള്ള വളര്‍ച്ചയില്‍ സൂപ്പര്‍ ഫാബ് ലാബ് ഇവര്‍ക്ക് വേണ്ട സഹായം നല്‍കും. ബന്ധപ്പെടേണ്ട നമ്പര്‍- 0484 2977137.  ഇ മെയില്‍: fabhelp@startupmission.in.