ഒന്നിച്ചു നിന്നാല്‍ ഒന്നും അസാധ്യമല്ല; പ്രധാനമന്ത്രി

post

ഗെയില്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു

മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ പ്രശംസ

തിരുവനന്തപുരം: കേരള, കര്‍ണാടക സംസ്ഥാനങ്ങളുടെ സാമ്പത്തിക വികസനത്തിന് ഗെയില്‍ പദ്ധതി വലിയ സംഭാവനയാകുമെന്ന് പദ്ധതി നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  ഒന്നിച്ചു നിന്നാല്‍ ഒന്നും അസാധ്യമല്ലെന്നാണ് പദ്ധതിയുടെ വിജയം തെളിയിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. 'വണ്‍ നേഷന്‍ വണ്‍ ഗ്യാസ് ഗ്രിഡ്' സൃഷ്ടിക്കുന്നതിനുള്ള സുപ്രധാന നാഴികകല്ലാണിതെന്നും പ്രധാനമന്ത്രി ഗെയില്‍ പദ്ധതി നാടിനു സമര്‍പ്പിച്ചു സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.  പദ്ധതി പൂര്‍ത്തിയാക്കിയതിന് കേരളത്തിലെയും കര്‍ണാടകത്തിലെയും ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

രണ്ടു സംസ്ഥാനങ്ങളിലെയും ലക്ഷകണക്കിന് ജനങള്‍ക്ക് വീടുകളില്‍ പൈപ്പ് ചെയ്ത പ്രകൃതിവാതകം (പിഎന്‍ജി) വിതരണം ചെയ്യാന്‍ പദ്ധതി സഹായിക്കും, അതേസമയം ഗതാഗത മേഖലയ്ക്ക് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) ലഭിക്കുന്നതിനും വഴി ഒരുക്കും.  വ്യവസായശാലകള്‍ക്ക് ചെലവ് കുറഞ്ഞ ഇന്ധനം ലഭ്യമാക്കുന്നത്  വഴി വ്യാവസായിക കുതിപ്പും  സാധ്യമാകും. വാതകവുമായി ബന്ധപ്പെട്ടുള്ള വ്യവസായങ്ങള്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും  അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ പദ്ധതി നിര്‍വ്വഹണ ചരിത്രത്തില്‍ തന്നെ പുതിയ ഒരു അധ്യായമാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഗെയില്‍ പദ്ധതി രാജ്യത്തിന്  സമര്‍പ്പിച്ചതോടെ എഴുതിച്ചേര്‍ക്കപ്പെട്ടത്. 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പ്ലൈന്‍ അനവധി പ്രതിബന്ധങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് സാക്ഷാല്‍കൃതമാകുന്നത് രാജ്യത്തിന് തന്നെ ഒരു ബഹുമതിയാണ്. പദ്ധതി നിര്‍വ്വഹണത്തില്‍ കേരളത്തിന്റെയും കേരള സര്‍ക്കാരിന്റെയും കരുത്തും മികവും ഒന്നുകൂടി ലോകത്തിന് മുമ്പില്‍ വെളിവാക്കപ്പെട്ടു. കര്‍ണാടകയിലെയും കേരളത്തിലെയും ജനങ്ങളുടെ  ജീവിതത്തിലും പദ്ധതി വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് വഴിതുറക്കുക.

ഉദ്ഘാടന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല, മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ, പെട്രോളിയം പ്രകൃതിവാതക മന്ത്രി  ധര്‍മേന്ദ്ര പ്രധാന്‍ , കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, വി മുരളീധരന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

ഗെയില്‍ പൈപ്പ്‌ലൈന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കേരള മുഖ്യമന്ത്രി നല്‍കിയ പിന്തുണയ്ക്ക് പെട്രോളിയം-പ്രകൃതിവാതക മന്ത്രി  ധര്‍മേന്ദ്ര പ്രധാന്‍ നന്ദി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഈ വന്‍കിട പദ്ധതി പൂര്‍ത്തിയാകില്ലായിരുന്നു. സഹകരണാത്മക ഫെഡറലിസത്തിന്റെ ഉത്തമ മാതൃകയാണ് ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് നടത്തിയ പ്രവര്‍ത്തനമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈനിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് 2010-ലാണ്. കൊച്ചി എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നുള്ള പ്രകൃതിവാതകം പൈപ്പ് വഴി മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കും കൊണ്ടുപോകുന്നതിനുള്ളതാണ് പദ്ധതി. 2010-ല്‍ അനുമതി ലഭിച്ച പദ്ധതിയാണെങ്കിലും 2016-വരെ 48 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമാണ് പൈപ്പിടാനായത്. ജനങ്ങളുടെ പ്രതിഷേധം വന്നപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ പിന്‍വാങ്ങി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനോ അവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാനോ മുന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഗത്യന്തരമില്ലാതെ മുഴുവന്‍ പ്രവൃത്തികളും ഗെയില്‍ അവസാനിപ്പിച്ചു. 4,500 കോടി രൂപ മുതല്‍ മുടക്കില്‍ പുതുവൈപ്പിനില്‍ സ്ഥാപിച്ച എല്‍എന്‍ജി ടെര്‍മിനല്‍ കേന്ദ്ര സര്‍ക്കാരിന് വലിയ ബാധ്യതയായി മാറി.

2016-ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് പദ്ധതിക്ക് പുനര്‍ജീവന്‍ കിട്ടിയത്. നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി നിശ്ചയിച്ചു. ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കി. മറ്റു സംസ്ഥാനങ്ങളില്‍ 30 മീറ്ററാണ് പൈപ്പിടാന്‍ ഏറ്റെടുക്കുന്നത്. ഇവിടെ അതു 20 മീറ്ററായി ചുരുക്കി. പിന്നീട് അതു 10 മീറ്ററായി പരിമിതപ്പെടുത്തി. 10 സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് അതില്‍ വീട് വെയ്ക്കാന്‍ സൗകര്യം നല്‍കി. അവര്‍ക്ക് ആശ്വാസധനമായി അഞ്ചുലക്ഷം രൂപയും നല്‍കി. വിളകള്‍ക്ക് നഷ്ടപരിഹാരം ഉയര്‍ത്തി.

സ്ഥലമേറ്റെടുക്കല്‍, നഷ്ടപരിഹാരം, സുരക്ഷ എന്നിവ സംബന്ധിച്ച് നാട്ടുകാര്‍ക്കുണ്ടായിരുന്ന ആശങ്കയും പരാതികളും പരിഹരിക്കാന്‍ സര്‍ക്കാര്‍ നിരന്തരമായി ഇടപെട്ടു. പദ്ധതിയുടെ പുരോഗതി മുഖ്യമന്ത്രി നേരിട്ട് നിരന്തരമായി വിലയിരുത്തി. തടസ്സങ്ങള്‍ നീക്കാന്‍ അദ്ദേഹം തന്നെ ഇടപെട്ടുകൊണ്ടിരുന്നു. ഇതിന്റെയൊക്കെ ഫലമായി സര്‍ക്കാരിന്റെ ആദ്യ ആയിരം ദിവസങ്ങള്‍ക്കകം 330 കിലോമീറ്റര്‍ പൈപ്പ് ലൈനിടാന്‍ കഴിഞ്ഞു. വിജയകരമായ കേരള മാതൃകയില്‍ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് മറ്റു സംസ്ഥാനങ്ങള്‍. കേരളത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചതുപോലുള്ള സഹകരണവും പിന്തുണയും മറ്റൊരു സംസ്ഥാനത്തും ലഭിച്ചിട്ടില്ലെന്ന് ഗെയിലിന്റെ പ്രധാന ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.