നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം ചേര്‍ന്നു

post

നേരിട്ട് നോട്ടീസ് നല്‍കാതെ വോട്ടറെ തള്ളരുതെന്ന്  തെരഞ്ഞെടുപ്പ് കമ്മീഷന്‍

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കും മുമ്പ് ബൂത്ത് ലെവല്‍ ഓഫീസര്‍ വോട്ടര്‍ക്ക് നേരിട്ട് നോട്ടീസ് നല്‍കി ഒപ്പിട്ട് വാങ്ങണമെന്ന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക നിരീക്ഷകന്‍ കെ. ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു. നോട്ടീസ് നല്‍കി വോട്ടറെ പങ്കെടുപ്പിച്ച് ഹിയറിംഗ് നടത്തണം. മരിച്ച വോട്ടറെ പട്ടികയില്‍നിന്ന് നീക്കുന്ന കാര്യത്തില്‍ മാത്രമേ ഈ മാനദണ്ഡത്തില്‍ ഇളവുള്ളൂ. 18 വയസ്സ് തികഞ്ഞവരെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക പ്രകാരം നടത്തിയ ഏകദേശ കണക്കു കൂട്ടല്‍ പ്രകാരം 18 വയസ്സ് തികഞ്ഞ മുപ്പതിനായിരത്തിലേറെ പേരെ ചേര്‍ക്കാനുണ്ടെന്ന് അദ്ദേഹം അറിയിച്ചു. 

അന്തിമ വോട്ടര്‍ പട്ടികയില്‍ മണ്ഡലത്തിലെ പ്രമുഖ വ്യക്തികള്‍, സെലിബ്രിറ്റികള്‍ എന്നിവര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ ഉണ്ടെന്നും ഉറപ്പാക്കണം. ഒരേ വോട്ടര്‍ക്ക് സംസ്ഥാനത്തെവിടെയും ഒന്നില്‍ കൂടുതല്‍ വോട്ടുണ്ടെങ്കില്‍ പരിശോധിച്ചറിയാന്‍ സാധിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിച്ച് ബി.എല്‍.ഒമാരുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കണമെന്ന് നിരീക്ഷകന്‍ നിര്‍ദേശിച്ചു. 

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് കൂടുതല്‍ ബൂത്തുകള്‍ ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ബൂത്തുകളുടെ എണ്ണം 1570 വരെയാവും. നിലവിലെ ബൂത്തുകള്‍ക്ക് അനുബന്ധ ബൂത്തുകള്‍ അനുവദിക്കേണ്ടി വരുമെന്നതിനാല്‍ സൗകര്യം കുറഞ്ഞ അങ്കണവാടികളില്‍ പ്രവര്‍ത്തിക്കുന്ന, കുറഞ്ഞത് 23 ബൂത്തുകളെങ്കിലും മാറ്റേണ്ടിവരും.

കിടപ്പുരോഗികള്‍ക്ക് തപാല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തണമെന്നും തപാല്‍ വോട്ടുകള്‍ കൂടുതലായി അസാധുവാകുന്നതിനാല്‍ തപാല്‍ വോട്ട് രേഖപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ പരിശീലനം നല്‍കണമെന്നും യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.