കോവിഡ്: കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

post

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന ചില പ്രവണതകള്‍ കാണിക്കുന്നതിനാല്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആക്റ്റീവ് രോഗികളുടെ എണ്ണം കഴിഞ്ഞ ഞായറാഴ്ച (ഡിസംബര്‍ 13) 59,438 എന്നുള്ളത് ഈ ഞായറാഴ്ച 61,604 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടുതല്‍ വര്‍ദ്ധിച്ചത് ആദ്യം തിരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളിലാണ്. അവസാനം തെരഞ്ഞെടുപ്പ് നടന്ന മലപ്പുറം, കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്ഥിതി നോക്കുമ്പോള്‍ കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ കുറവാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ തോതിലെങ്കിലും രോഗപ്രസരണം ഉണ്ടായിട്ടുണ്ടെന്നാണ് അനുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതുകൊണ്ട്, എല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. രോഗം കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ആവശ്യമായ കരുതലുകള്‍ എല്ലാവരും സ്വീകരിക്കണം. രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ ഉണ്ടായതു പോലുള്ള ഒരു കോവിഡ് വ്യാപനം കേരളത്തില്‍ ഉണ്ടായതായി കണക്കുകള്‍ കാണിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് നല്ലൊരു ശതമാനം ആളുകളും ജാഗ്രത പുലര്‍ത്തിയതിന്റെ ഫലമായാണ് അതു സാധിച്ചത്. സര്‍ക്കാര്‍ എടുത്ത മുന്‍കരുതലുകളോട് ജനങ്ങള്‍ സഹകരിച്ചതിന്റെ ഗുണഫലമാണിത്. എന്നാലും ചെറിയ തോതില്‍ രോഗവ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണം.

ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി എല്ലാവരും ഒരുങ്ങുന്ന ഘട്ടമാണിത്. രോഗം പകരാത്ത വിധത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി, സാമൂഹിക അകലം പാലിച്ച് വേണം ഈ ആഘോഷങ്ങളില്‍ ഏര്‍പ്പെടാന്‍. കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കാനും മാസ്‌കുകള്‍ ധരിക്കാനും മറക്കാന്‍ പാടില്ല. നമ്മുടെ അശ്രദ്ധയുടെ ഫലമായി രോഗം പടര്‍ന്നുപിടിക്കുന്നത് വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ അതു തടയേണ്ട ഉത്തരവാദിത്വം ഓരോരുത്തരും ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.