സ്ത്രീശാക്തീകരണ പ്രവര്‍ത്തനം: ജെന്‍ഡര്‍ പാര്‍ക്കും യു. എന്‍ വിമനും ധാരണാപത്രം ഒപ്പുവച്ചു

post

തിരുവനന്തപുരം : സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ജെന്‍ഡര്‍ പാര്‍ക്കും യു. എന്‍. വിമനും ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ യു. എന്‍ വിമന്‍ ഡെപ്യൂട്ടി റെപ്രസെന്റേറ്റീവ് നിഷിത സത്യവും ജെന്‍ഡര്‍ പാര്‍ക്ക് സി. ഇ. ഒ പി. ടി. എം സുനീഷുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ. കെ. ശൈലജ ടീച്ചറും സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ലിംഗസമത്വ പ്രവര്‍ത്തനങ്ങളില്‍ തെക്കേ ഇന്ത്യയിലെ ഹബ് ആയി ജെന്‍ഡര്‍ പാര്‍ക്ക് ഉയര്‍ന്നു വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ വനിതകള്‍ വിദ്യാസമ്പന്നരാണ്. പീര്യോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരം 201718 ല്‍ തൊഴിലാളികളില്‍ 16.4 ശതമാനമായിരുന്നു വനിതാ പ്രാതിനിധ്യം. 201819 ല്‍ തൊഴില്‍ പ്രാതിനിധ്യം 20.4 ശതമാനമായി വര്‍ധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ലിംഗപരമായ പ്രതിബന്ധങ്ങളെ തകര്‍ത്ത സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആയിരത്തോളം സ്ത്രീകളാണ് കോവിഡ് 19നെ നേരിടുന്നതിന് മുന്നണിപ്പോരാല്‍കളായത്. കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്ക് കാമ്പസില്‍ നിരവധി പദ്ധതികള്‍ക്കാണ് ഉടന്‍ തുടക്കമാവുന്നത്. സ്ത്രീകള്‍ക്കായുള്ള ആദ്യത്തെ ആഗോള ട്രേഡ് സെന്റര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷയില്‍ കേരളം മാതൃകയാണെന്ന് യു. എന്‍ വിമന്‍ പ്രതിനിധി നിഷിത സത്യം പറഞ്ഞു. കോവിഡിനെ നേരിടുന്നതില്‍ സംസ്ഥാനം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളെയും അവര്‍ അഭിനന്ദിച്ചു.