ജല്‍ ജീവന്‍ മിഷന്‍: 1,13,332 കുടിവെള്ള കണക്ഷനുകള്‍ നല്‍കി

post

തിരുവനന്തപുരം: ഗ്രാമീണ ഭവനങ്ങളില്‍ കുടിവെള്ളം പൈപ്പിലൂടെ ലഭ്യമാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതുവരെ നല്‍കിയ കണക്ഷനുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച പദ്ധതിയിലൂടെ ജല അതോറിട്ടി 1,13,332 ലക്ഷം കണക്ഷനുകളാണ് ഇതിനകം നല്‍കിയത്. നടപ്പ് സാമ്പത്തിക വര്‍ഷം 21 ലക്ഷം കണക്ഷനുകള്‍ നല്‍കുകയാണ് ലക്ഷ്യം.

തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ കണക്ഷന്‍ നല്‍കിയത്. 18,955 ഭവനങ്ങളില്‍ പുതിയതായി പൈപ്പ് കണക്ഷന്‍ നല്‍കി. പാലക്കാടും ആലപ്പുഴയുമാണ് തൊട്ടു പിറകിലുള്ളത്. പാലക്കാട് 16,060 വീടുകളിലും ആലപ്പുഴയില്‍ 13,096 വീടുകളിലും ജല്‍ജീവന്‍ മിഷനിലൂടെ കുടിവെള്ള കണക്ഷന്‍ നല്‍കി. കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ 10,000ത്തിന് അടുത്ത് കണക്ഷനുകളായി. കണ്ണൂരില്‍ 9,941 ഉം കോട്ടയത്ത് 9,784 ഉം കണക്ഷനുകളാണ് ഇതിനകം നല്‍കിയത്.

എറണാകുളം ജില്ലയില്‍ 7,430 കണക്ഷനും കോഴിക്കോട് 6,845 കണക്ഷനും മലപ്പുറത്ത് 6,053 കണക്ഷനും പത്തനംതിട്ടയില്‍ 5,120 കണക്ഷനും നല്‍കിക്കഴിഞ്ഞു. തൃശൂരില്‍ 4,983 ഉം ഇടുക്കിയില്‍ 2,883 ഉം കാസര്‍കോട് 2,608 ഉം കൊല്ലത്ത് 7,398 ഉം വയനാട്ടില്‍ 2,176 ഉം ഭവനങ്ങളില്‍ പൈപ്പിലൂടെ പുതിയതായി കുടിവെള്ളം ലഭ്യമാക്കുന്നുണ്ട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 50 ശതമാനം വീതം ചെലവ് പങ്കിടുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 716 പഞ്ചായത്തുകളിലായി 4343.89 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. 2020-21-ലെ പദ്ധതി പ്രകാരം 586 വില്ലേജുകളിലെയും 380 പഞ്ചായത്തുകളിലെയും 23 ബ്ലോക്ക് പഞ്ചായത്തുകളിലെയും മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ ലക്ഷ്യമിടുന്നു.