അവസാനഘട്ട തിരഞ്ഞെടുപ്പ് : 78.64 ശതമാനം പോളിംഗ് രേഖപ്പെടുത്തി

post

തിരുവനന്തപുരം : സംസ്ഥാനത്ത് ഡിസംബര്‍ 14 ന് (14.12.2020) നടന്ന അവസാനഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ 78.64 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. നാല് ജില്ലകളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 32,87,029 പുരുഷന്‍മാരും 32,87,029 സ്ത്രീകളും 16 ട്രാന്‍സ്‌ജെന്റേഴ്‌സുമുള്‍പ്പെടെ 70,27,534 പേര്‍ വോട്ട് രേഖപ്പെടുത്തി.

മലപ്പുറം 78.87 , കോഴിക്കോട് – 79.00 ,കണ്ണൂര്‍ 78.57 , കാസര്‍ഗോഡ് – 77.14 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടിംഗ് ശതമാനം. കോഴിക്കോട് കോര്‍പ്പറേഷനില്‍ 70.29 ശതമാനവും, കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 71.65 ശതമാനവും പോളിംഗ് രേഖപ്പെടുത്തി .

തിരഞ്ഞെടുപ്പ് സമാധാനപരം; വോട്ടെണ്ണല്‍ ഒരുക്കം പൂര്‍ണ്ണം

മൂന്ന് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ പറഞ്ഞു. നാളെ ( ഡിസംബര്‍16) നടക്കുന്ന വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

244 കേന്ദ്രങ്ങല്‍ലായി കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും വോട്ടെണ്ണല്‍ നടത്തുക. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി , കോര്‍പ്പറേഷന്‍ എന്നിവയില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് തിരെഞ്ഞടുപ്പ് ഏജന്റിന് പുറമെ ഒരോ കൗണ്ടിംഗ് ഏജന്റുമാരെക്കൂടി വോട്ടെണ്ണലിന് ചുമതലപ്പെടുത്താം. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളെ സംബന്ധിച്ച് ഓരോ ഗ്രാമപഞ്ചായത്തിനും ഒരു കൗണ്ടിംഗ് ഏജന്റിനെ ഇതിനായി ചുമതലപ്പെടുത്താം. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുക.

െേവട്ടണ്ണല്‍ വിവരം തത്സമയം 'ട്രെന്‍ഡ്' വെബ് സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് കാണാനാകും. വോട്ടെണ്ണല്‍ ദിവസം ഉച്ചയോടെ ഫലപ്രഖ്യാപനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന് നടത്തും. അദ്ധ്യക്ഷന്‍മാരുടെയും ഉപാദ്ധ്യക്ഷന്‍മാരുടേയും തിരഞ്ഞെടുപ്പ് തിയതി ഉടന്‍ നിശ്ചയിച്ച് നല്‍കുമെന്നും കമ്മീഷന്‍ പറഞ്ഞു.

കിഴക്കമ്പലം പഞ്ചായത്തിലെ സംഘര്‍ഷം; റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

എറണാകുളം കിഴക്കമ്പലം പഞ്ചായത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിനിടെ നടന്ന സംഘര്‍ഷം സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആവശ്യപ്പെട്ടതനുസരിച്ച് എറണാകുളം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വോട്ട് ചെയ്യാനെത്തിയ ആളുകളെ തടഞ്ഞവര്‍ക്കെതിരെ കേരള എപ്പിഡമിക് ഓര്‍ഡിനന്‍സ് അനുസരിച്ചും പഞ്ചായത്ത് രാജ് നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും കേസെടുത്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.