തദ്ദേശ തിരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്

post

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് (ഡിസംബർ 14) നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.  42,87,597  പുരുഷൻമാരും  46,87,310  സ്ത്രീകളും 86 ട്രാൻസ്‌ജെന്റേഴ്‌സും അടക്കം 89,74,993 വോട്ടർമാരാണ് അവസാനഘട്ടത്തിലുള്ളത്. ഇതിൽ 71,906  കന്നി വോട്ടർമാരും  1,747 പ്രവാസി ഭാരതീയ വോട്ടർമാരും ഉൾപ്പെടുന്നു.  10,842 പോളിംഗ് ബൂത്തുകളാണ്  സജ്ജീകരിച്ചിരിക്കുന്നത്. 1,105 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളിവെബ്കാസ്റ്റിംഗും  ഏർപ്പെടുത്തിയിട്ടുണ്ട്.  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 52,285 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന്  കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ താത്തൂർ പൊയ്യിൽ(11),  കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി(7) എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിയിരുന്നു.

ഞായറാഴ്ച (ഡിസംബർ 13) വൈകിട്ട് മൂന്ന് മുതൽ തിങ്കളാഴ്ച (ഡിസംബർ 14) വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന കോവിഡ് പോസിറ്റീവ്  ആകുന്നവർക്കും ക്വാറന്റീനിൽ പ്രവേശിക്കുന്നവർക്കും ആരോഗ്യ വകുപ്പിലെ    ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കി പോളിംഗ് സ്റ്റേഷനിൽ നേരിട്ടെത്തി വോട്ടു ചെയ്യാം. പോളിംഗ് സ്‌റ്റേഷനുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടേയും സാമഗ്രികളുടെയും വിതരണം ഞായറാഴ്ച(ഡിസംബർ 13) രാവിലെ എട്ടു മുതൽ നടക്കും. വിതരണ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന്  ഉറപ്പു വരുത്താൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ്   കമ്മീഷണർ വി. ഭാസ്‌കരൻ നിർദ്ദേശം നൽകി. നാല് ജില്ലകളിലായി 76 വിതരണ, സ്വീകരണ കേന്ദ്രങ്ങളാണുള്ളത്.