അറബിക്കടലില്‍ ന്യൂനമര്‍ദം; കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകരുത്

post

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കര്‍ശനമായി നിരോധിച്ചു. മല്‍സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. നിലവില്‍ ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അടുത്തുള്ള സുരക്ഷിത തീരങ്ങളില്‍ എത്തണമെന്ന് അറിയിപ്പ് നല്‍കണം.

നവംബര്‍ 19 ന് കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍  ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മല്‍സ്യത്തൊഴിലാളികള്‍ ഈ ദിവസങ്ങളില്‍ കേരള തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിനു പോകരുത്.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപെട്ടതായും അടുത്ത 48 മണിക്കൂറില്‍ അത് ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദമായി (Depression) മാറി വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

19ന് തെക്ക് കിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെയും ചില അവസരങ്ങളില്‍ 60 കിമീ വരെ  വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

20 മുതല്‍ 21 വരെ തെക്കന്‍ അറബിക്കടലിന്റെ മധ്യ ഭാഗങ്ങളിലും അതിനോട് ചേര്‍ന്നുള്ള മധ്യ അറബിക്കടല്‍, ലക്ഷദ്വീപ് എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെയും ചില അവസരങ്ങളില്‍ 65 കിമീ വരെ  വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

22ന് തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍, മധ്യ-അറബിക്കടല്‍  എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെയും ചില അവസരങ്ങളില്‍ 65 കിമീ വരെ  വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

23ന് തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, ഒമാന്‍ തീരം എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെയും ചില അവസരങ്ങളില്‍ 65 കിമീ വരെ  വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

22 മുതല്‍ 23 വരെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

മേല്‍പറഞ്ഞ സമുദ്ര മേഖലകളില്‍ മേല്പറഞ്ഞ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിനായി പോകരുതെന്ന് സംസ്ഥാന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രം അറിയിച്ചു.