കേര പദ്ധതി; നെൽ കൃഷിക്ക് 336 കോടി രൂപ
* 2595 കോടി രൂപയുടെ കേരള കാലാവസ്ഥ അതിജീവന കാർഷിക മൂല്യ വർദ്ധിത വിപണന ശൃഖല നവീകരണ പദ്ധതിയാണ് കേര
കേരളത്തിൻ്റെ കാർഷിക മേഖലയെ കാലാവസ്ഥാവ്യതിയാന പ്രതിസന്ധികളിൽ നിന്ന് സംരക്ഷിച്ച് ശാസ്ത്രീയവും വിപണി കേന്ദ്രീകൃതവുമായ വളർച്ചയിലേക്ക് നയിക്കുന്ന 2595 കോടി രൂപയുടെ കേരള കാലാവസ്ഥ അതിജീവന കാർഷിക മൂല്യ വർദ്ധിത വിപണന ശൃഖല നവീകരണ പദ്ധതിയാണ് (കേര) കൃഷി മന്ത്രി പി പ്രസാദ് ചേർത്തലയിൽ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തത്.
നാലുലക്ഷം കർഷകർക്ക് നേരിട്ടും പത്തുലക്ഷം കർഷകർക്ക് പരോക്ഷമായും പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി.
40 വർഷങ്ങൾക്ക് ശേഷമാണ് കാർഷിക മേഖലയ്ക്ക് മാത്രമായി ലോകബാങ്ക് പിന്തുണയുള്ള സമഗ്ര പദ്ധതി കേരളത്തിൽ എത്തുന്നത്. അഞ്ചുവർഷമാണ് പദ്ധതിയുടെ നടത്തിപ്പ് കാലാവധി. കാലാവസ്ഥ പ്രതിരോധ കൃഷി രീതികൾ വ്യാപകമാക്കൽ,ഉൽപാദനക്ഷമത വർദ്ധിപ്പിക്കൽ, മൂല്യ വർദ്ധനവും വിപണനവും ശക്തിപ്പെടുത്തൽ, കാർഷിക തൊഴിൽ സൃഷ്ടിക്കൽ, കർഷക വരുമാനത്തിൽ സ്ഥിരതയാർജിക്കൽ എന്നിവയാണ് പദ്ധതി ലക്ഷ്യങ്ങൾ. നെൽകൃഷിക്ക് 336 കോടി രൂപയും തോട്ടം മേഖലയിൽ വൻ പുനർനടിയിൽ പദ്ധതിയും ലക്ഷ്യം വയ്ക്കുന്നു.
വയനാട് കാപ്പി കർഷകർക്ക് നിലവിലെ ഉൽപാദനക്ഷമത കുറഞ്ഞ കാപ്പി ചെടികൾ മാറ്റി ഉൽപാദനക്ഷമത കൂടിയതും കാലാവസ്ഥ പ്രതിരോധശേഷി ഏറിയ കാപ്പി ഇനങ്ങൾ നടുന്നതിന് ധനസഹായം നൽകും. റബ്ബർ മേഖലയിലും പുനർനടിയിൽ സഹായം ലക്ഷ്യമിടുന്നു. ഏലം മേഖലയ്ക്കും പദ്ധതിയിൽ പ്രാധാന്യം ലഭിച്ചിട്ടുണ്ട്.പദ്ധതിയുടെ ഭാഗമായി 150 ഫാർമർ പ്രൊഡ്യൂസർ കമ്പനികളെ ശക്തിപ്പെടുത്തി അഗ്രി ബിസിനസ് സംരംഭകരുമായി ബന്ധിപ്പിക്കും. സംസ്ഥാനത്ത് 5 കാർഷിക വ്യവസായ പാർക്കുകൾ സ്ഥാപിക്കും. കയറ്റുമതി സൗകര്യം, സംസ്കരണ യൂണിറ്റ്, കോള്‍ഡ് സ്റ്റോറേജ് ഗുണനിലവാരമുള്ള പരിശോധനാ ലാബുകൾ എന്നിവയുടെ വിപുലീകരണവും പദ്ധതി ലക്ഷ്യമിടുന്നു.









