കാട്ടുതീ പ്രതിരോധത്തിന് ഫോറസ്റ്റ് ഫയര്‍ റെസ്‌പോണ്ടര്‍ വാഹനങ്ങളുമായി വനം വകുപ്പ്

post

തിരുവന്തപുരം:വേനല്‍ക്കാലമാകുമ്പോള്‍ എത്താറുള്ള കാട്ടു തീ നമ്മുടെ ആവാസവ്യവസ്ഥയില്‍ ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല. ഇതിനെ പ്രതിരോധിക്കാന്‍ വനംവകുപ്പ് അത്യാധുനിക ഫയര്‍ റെസ്‌പോണ്ടര്‍ വാഹനങ്ങള്‍ പുറത്തിറക്കി രണ്ട്ഫയര്‍ റെസ്‌പോണ്ടര്‍ വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ വനംവകുപ്പ് പുറത്തിറക്കിയത്. ഉള്‍വനങ്ങളിലേക്ക് പോലും കൂപ്പു റോഡുകളിലൂടെ വേഗത്തിലെത്തി അഗ്‌നി ശമന പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റു അനുബന്ധ രക്ഷാപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാവുന്ന തരത്തിലുള്ള വാഹനങ്ങളാണിത്.രക്ഷാപ്രവര്‍ത്തകര്‍ക്ക് ധരിക്കാനുള്ള ആധുനിക ഫയര്‍സ്യൂട്ട്, മറ്റു അനുബന്ധ ഉപകരണങ്ങള്‍ എന്നിവ  വാഹനങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.

ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ ജലത്തെ ചെറുകണികകളാക്കി നൂറ് മീറ്ററിലേറെ ദൂരത്തേക്ക് തളിക്കുകയാണ് ചെയ്യുക. കാട്ടു തീ അണക്കുന്നതോടൊപ്പം അത് പടരുന്നത് തടയാനും ഇത് ഉപകരിക്കും.  ജലാശയങ്ങളില്‍ നിന്ന് 100 മീറ്റര്‍ ദൂരത്തേക്ക് നേരിട്ട് എത്ര സമയം വേണമെങ്കിലും വെള്ളം പമ്പുചെയ്യാന്‍ സാധിക്കും. 450ലിറ്റര്‍ വെള്ളം ശേഖരിച്ച് കൊണ്ടുപോകാവുന്ന ടാങ്കുകളും ഈ വാഹനങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.

മരങ്ങള്‍ വീണ് കാട്ടുപാതകളിലുണ്ടാകുന്ന മാര്‍ഗതടസ്സം അടിയന്തിരമായി പരിഹരിക്കാന്‍ ഉതകുന്ന ഉപകരണങ്ങള്‍, മനുഷ്യ വന്യജീവി സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥങ്ങളില്‍ അവയെ കാട്ടിലേക്ക് തുരത്തുന്നതിന് ഉപയോഗപ്രദമായ സൈറണ്‍,പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍, കാട്ടിനുള്ളില്‍ ദൂരേക്ക് ആവശ്യമായ വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സെര്‍ച്ച് ലൈറ്റുകള്‍ ഈ വാഹനങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.

അത്യുഷ്ണകാലത്ത് കോട്ടൂര്‍, വയനാട് ആനപുനരധിവാസ കേന്ദ്രങ്ങളില്‍ ആനകളെ തണുപ്പിക്കുന്നതിനും, ആദിവാസി കോളനികളില്‍ കുടിവെള്ളമെത്തിക്കുന്നതിനും വന്യമൃഗങ്ങള്‍ക്ക് ഉള്‍ക്കാടുകളില്‍ ജലലഭ്യത ഉറപ്പാക്കുന്നതിനും വാഹനം ഉപയോഗിക്കാനാവും. ആദ്യഘട്ടത്തില്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ തൃശ്ശൂര്‍, ഈസ്റ്റ് സര്‍ക്കിള്‍ പാലക്കാട് എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ സേവനം ലഭ്യമാക്കും. വാഹനങ്ങളുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് വകുപ്പിലെ 30 വനസംരക്ഷണജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. മുഴുവന്‍ വന സംരക്ഷണ ജീവനക്കാര്‍ക്കും ഇതിനാവശ്യമായ പരിശീലനം നല്‍കും.