വരുമാന നഷ്ടം നികത്താന്‍ പദ്ധതികളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

post

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലുണ്ടായ വരുമാന നഷ്ടം നികത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടവരവായി ലഭിച്ച സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ കോടതിയുടെ കൂടി അനുമതി നേടിയ ശേഷം റിസര്‍വ് ബാങ്ക് ബോണ്ടില്‍ നിക്ഷേപിച്ച് പലിശ വരുമാനം മുതല്‍ക്കൂട്ടാനാണ് ഒരുങ്ങുന്നത്. വിലയുടെ രണ്ടു ശതമാനത്തോളം പലിശയായി ദേവസ്വം ബോര്‍ഡിന് ലഭിക്കും. പരമ്പരാഗത തിരുവാഭരണങ്ങള്‍, പൗരാണിക മൂല്യമുള്ളവ എന്നിവ ഒഴികെയുളള ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത ഉരുപ്പടികളാണ് ബോണ്ടാക്കുക.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ട്രോഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ ഉരുപ്പടികളുടെ കണക്കെടുപ്പ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. വെള്ളിയുള്‍പ്പെടെയുള്ള ഉരുപ്പടികളുടെ കണക്കെടുപ്പ് അന്തിമഘട്ടത്തിലാണ്. 2017ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചാണ് കണക്കെടുപ്പ് നടപടികള്‍ ആരംഭിച്ചത്. ക്ഷേത്രങ്ങളിലെ ഉപയോഗശൂന്യമായ വിളക്കുകളുടെയും പാത്രങ്ങളുടെയും  കണക്കെടുപ്പും ഇത്തരത്തില്‍ പുരോഗമിക്കുന്നു. ഇതിനു പുറമെ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള മൂവായിരത്തോളം ഏക്കര്‍ സ്ഥലത്ത് ദേവഹരിതം കാര്‍ഷിക പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തും അനുയോജ്യമായ കൃഷിയാണ് ചെയ്യുന്നത്. നെല്ല്്, മരച്ചീനി, ഫലവൃക്ഷങ്ങള്‍ എന്നിവയ്ക്കു പുറമെ ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള പുഷ്പകൃഷിയും ആരംഭിച്ചിട്ടുണ്ട്.

ഈ സീസണ്‍ മുതല്‍ ശബരിമലയിലെ പ്രസാദങ്ങളായ അരവണ, അപ്പം എന്നിവ തപാല്‍ വകുപ്പുമായി സഹകരിച്ച് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം നിര്‍വഹിച്ചു. ശബരിമല ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 27 പ്രമുഖ ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ബുക്ക് ചെയ്യാനും കാണിക്കയര്‍പ്പിക്കാനും ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതിസന്ധി ഘട്ടത്തിലും  മണ്ഡലകാലത്തേക്ക് ശബരിമലയില്‍ വിപുലമായ സജ്ജീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ബഡ്ജറ്റ് വിഹിതം ഉപയോഗിച്ച് വിപുലമായ വികസന പദ്ധതികളാണ് ശബരിമലയില്‍ നടക്കുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി നിര്‍മ്മിച്ച ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപവും നിലയ്്ക്കലിലും പമ്പയിലുമുള്ള ടോയ്ലറ്റ് കോംപ്ലക്സുകളും പ്രവര്‍ത്തന സജ്ജമായി. 21 കോടി രൂപ ചെലവഴിച്ചാണ് അന്നദാന മണ്ഡപത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നിലയ്ക്കലില്‍ അഞ്ചു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ടോയ്ലറ്റ് കോംപ്ലക്സ് ഒരേ സമയം 120 പേര്‍ക്ക് ഉപയോഗിക്കാനാകും.  

ശബരിമല ഭണ്ഡാരം ഒന്നര കോടി രൂപ ചെലവില്‍ ആധുനിക രീതിയില്‍ മാറ്റി സ്ഥാപിച്ചു. പമ്പയിലെ മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്റിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.  മൂന്നേകാല്‍ കോടി രൂപ ചെലവില്‍ ഭസ്മക്കുളം പുതുക്കിപ്പഞ്ഞു. 36 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള രണ്ട് വാട്ടര്‍ ടാങ്കുകളും ഉപയോഗ സജ്ജമായിട്ടുണ്ട്. ഏഴ് കോടി രൂപയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്. ഇതുവഴി ശബരിമലയിലെ കുടിവെള്ളക്ഷ ക്ഷാമം പൂര്‍ണമായും പരിഹരിക്കാനാകും.  പമ്പയിലെ കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയായി. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 145 കോടി രൂപ ചെലവില്‍ വയനാട് വരെയുള്ള ജില്ലകളിലായി ഏഴിടങ്ങളില്‍ ശബരിമല ഇടത്താവള നിര്‍മ്മാണത്തിന് ഭരണാനുമതിയായിട്ടുണ്ട്. നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തെയാണ് നിര്‍മ്മാണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 99.8 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.