നെല്‍വയലുകളുടെ സംരക്ഷണമുറപ്പാക്കാന്‍ വയലുടമകള്‍ക്ക് റോയല്‍റ്റി

post

ആദ്യഘട്ടത്തില്‍ 3,909 പേര്‍ക്ക് ആനുകൂല്യവിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: വയലുകളുടെ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി വിതരണം ചെയ്യുന്നത് നെല്‍കര്‍ഷര്‍ക്കുള്ള പ്രോത്സാഹനത്തിനൊപ്പം നെല്‍വയലുകളുടെ സംരക്ഷണംകൂടി ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി വിതരണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നാട്ടിലെ നെല്‍കൃഷി നഷ്ടമാണ് എന്ന പേരില്‍ കൃഷിനിലം തരിശിടുന്നവര്‍ക്കും പ്രയോജനപ്പെടുന്ന ഈ പദ്ധതി കാര്‍ഷിക കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ സര്‍ക്കാര്‍ നടത്തുന്ന ആത്മാര്‍ത്ഥമായ ഇടപെടലുകളുടെ തുടര്‍ച്ചയാണ്. പദ്ധതിപ്രകാരം 3,909 കര്‍ഷകര്‍ക്കുള്ള ആനുകൂല്യത്തിന്റെ വിതരണത്തിനാണ് തുടക്കമാകുന്നത്. കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നേരിട്ട് പണമായിത്തന്നെ നിക്ഷേപിക്കുകയാണ്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയ്ക്കാണ് ഇത്രയും ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കുന്നത്. കൃഷി ചെയ്യാവുന്ന നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുകയും കൃഷിക്കായി ഉപയുക്തമാക്കുകയും ചെയ്യുന്ന നിലം ഉടമകള്‍ക്കാണ് ഈ പദ്ധതിപ്രകാരം സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നത്. www.aims.kerala.gov.in എന്ന പോര്‍ട്ടലില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഹെക്ടറിന് 2,000 രൂപ നിരക്കില്‍ ഓരോ സാമ്പത്തിക വര്‍ഷവും ഇനി മുതല്‍ റോയല്‍റ്റി ലഭിക്കും. 

നിലവില്‍ നെല്‍കൃഷി ചെയ്യുന്ന എല്ലാ ഭൂഉടമകളും ഈ ആനുകൂല്യത്തിന് അര്‍ഹരാണ്. നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വരുത്താതെ പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, എള്ള്, നിലക്കടല തുടങ്ങിയ ഹ്രസ്വകാലവിളകള്‍ കൃഷി ചെയ്യുന്ന നിലമുടമകള്‍ക്കും റോയല്‍റ്റി അനുവദിക്കും. നെല്‍വയലുകള്‍ തരിശിട്ടിരിക്കുന്നവര്‍ സ്വന്തമായോ, ഏജന്‍സികള്‍ മുഖേനയോ കൃഷിക്കായി ഉപയോഗപ്പെടുത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലും ഈ ആനുകൂല്യം നല്‍കും. ഈ പദ്ധതിക്കായി 400 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൃഷിചെയ്തു ജീവിക്കുന്ന അസംഖ്യം മനുഷ്യര്‍ ഇന്ന് നിലനില്‍പ്പിനായി ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ പോരാട്ടത്തിലാണ്. രാജ്യത്തെ കാര്‍ഷിക കമ്പോള വ്യവസ്ഥ തന്നെ മാറ്റിയതിനാല്‍ മണ്ണിന്റെ അവകാശികള്‍ കൃഷിയില്‍നിന്ന് തന്നെ പറിച്ചുമാറ്റപ്പെടുമെന്ന അവസ്ഥയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യമെമ്പാടും, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അലയടിക്കുന്നത്. എന്നാല്‍ കേരളത്തില്‍ കാര്‍ഷികമേഖലയെയും കര്‍ഷകരെയും സംരക്ഷിക്കുന്ന സര്‍ക്കാരായതിനാല്‍ സ്ഥിതി വ്യത്യസ്തമാണ്. കൃഷിയെ ഒരു സംസ്‌കാരമായി വളര്‍ത്തിയാണ് സര്‍ക്കാര്‍ കാര്‍ഷികമേഖലയുടെ വളര്‍ച്ച ഉറപ്പാക്കിയത്. 

പ്രകടനപദ്ധതിയിലെ കര്‍ഷകര്‍ക്കുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കിയും കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാന്‍ സുഭിക്ഷകേരളം പോലുള്ള പദ്ധതികള്‍ നടപ്പാക്കിയുമാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം നിന്നത്. കാര്‍ഷികരംഗത്തെ യന്ത്രവത്കരണം കൂടുതല്‍ ജനകീയമാക്കിയും, മികച്ച നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കിയും, ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കിയും, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിച്ചും, ആവശ്യമായ സഹായധനം ഉറപ്പാക്കിയും കര്‍ഷകരെ സഹായിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 

ചടങ്ങില്‍ കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രൊഫ. സി. രവീന്ദ്രനാഥ്, എ. സി. മൊയ്തീന്‍, ചീഫ് വിപ്പ് കെ. രാജന്‍, കാര്‍ഷികോത്പാദന കമ്മീഷണര്‍ ഇഷിതാ റോയ്, കൃഷി സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, ഡയറക്ടര്‍ ഡോ. കെ. വാസുകി തുടങ്ങിയവര്‍ സംബന്ധിച്ചു.