കരുനാഗപ്പള്ളി മണ്ഡലത്തിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണോദ്ഘാടനം നടന്നു
കൊല്ലം : സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെച്ചപ്പെട്ട സൗകര്യങ്ങളോടെ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആകുന്നതിന്റെ ഭാഗമായി കല്ലേലിഭാഗം, തഴവ, തെക്കുംഭാഗം, തേവലക്കര വില്ലേജ് ഓഫീസുകളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
കല്ലേലിഭാഗം വില്ലേജ് ഓഫീസ് അങ്കണത്തിലും തഴവ വില്ലേജ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും നടന്ന ചടങ്ങില്‍ ആര് രാമചന്ദ്രന് എം എല്‍ എയും തേവലക്കര വില്ലേജ് ഓഫീസില്‍ എന്‍ കെ പ്രേമചന്ദ്രന് എം പിയും തെക്കുംഭാഗം വില്ലേജ് ഓഫീസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ യേശുദാസും ശിലാഫലകങ്ങള്‍ അനാച്ഛാദനം ചെയ്തു.
നവീകരിക്കുന്ന വില്ലേജ് ഓഫീസുകള്‍ വഴി പൊതുജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആര് രാമചന്ദ്രന് എം എല്‍ എ പറഞ്ഞു.
തൊടിയൂര്‍, തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കടവികാട്ടു മോഹനന്, എസ് ശ്രീലത, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ മജീദ്, തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. ശിഹാബ്, വൈസ് പ്രസിഡന്റ് റാഷിദ നാസര്‍, തഹസീല്‍ദാര്‍ ഷിബു പോള്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി, തങ്കമണി തഴവ, കല്ലേലിഭാഗം വില്ലേജ് ഓഫീസര്‍മാര്‍ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ കോവിഡ് മാനദണ്ഡം പാലിച്ച് വിവിധ സ്ഥലങ്ങളില്‍ നടന്ന പരിപാടികളില്‍ പങ്കെടുത്തു.