കാസര്‍കോടിന് രണ്ട് സ്‌പെഷ്യല്‍ കോടതികള്‍ കൂടി

post

ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

എംഎസിടിയില്‍ ആദ്യദിനം അഞ്ച് കേസുകള്‍ പരിഗണിച്ചു

കാസര്‍കോട്: ജില്ലയ്ക്ക് അനുവദിച്ച വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെയും (എംഎസിടി) ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഹൈക്കോടതി ജഡ്ജി എ എം ഷഫീക്ക് അധ്യക്ഷത വഹിച്ചു. നിയമ മന്ത്രി എ കെ ബാലന്‍, ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍, ഹൈക്കോടതി ജഡ്ജിമാരായ എ എം ബദര്‍, അമിത് റാവല്‍ സംബന്ധിച്ചു. സ്വതന്ത്രമായി എംഎസിടി ഇല്ലാത്ത സംസ്ഥാനത്തെ ഏക ജില്ലയായിരുന്നു കാസര്‍കോട്. 2009 മുതല്‍ കോടതി സ്ഥാപിക്കുന്നതിനുള്ള മുന്‍ഗണനാ പട്ടികയില്‍ ജില്ല ഒന്നാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാല്‍ ഇത് നീണ്ടുപോവുകയായിരുന്നു. കാസര്‍കോട് ബാര്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹരജിയിലെ ഉത്തരവ് പ്രകാരമാണ് ജില്ലയില്‍ എംഎസിടി സ്ഥാപിക്കുന്നത്. അഡീഷണല്‍ ജില്ലാ ജഡ്ജ് (ഒന്ന്) ആര്‍ എല്‍ ബൈജുവിനാണ് ജഡ്ജിന്റെ താല്‍ക്കാലിക ചുമതല. ജില്ലാ ജഡ്ജിമാരുടെ പ്രൊമോഷന്‍ നടക്കുന്ന മുറക്ക് സ്ഥിരം ജഡ്ജ് നിയമനം ഉണ്ടാവും. എംഎസിടിയില്‍ ആദ്യദിനം അഞ്ച് കേസുകളാണ് പരിഗണിച്ചത്.

സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ള 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികളിലൊന്നാണ് ഹൊസ്ദുര്‍ഗില്‍ ആരംഭിക്കുന്ന സ്‌പെഷ്യല്‍ കോടതി. പോക്‌സോ കേസുകളുള്‍പ്പെടെയുള്ള സെഷന്‍സ് കേസുകള്‍ ഈ കോടതി കൈകാര്യം ചെയ്യും. നിലവില്‍ കാസര്‍കോട് പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ കോടതിക്ക് പുറമേയാണ് ഹൊസ്ദുര്‍ഗില്‍ സ്‌പെഷ്യല്‍ കോടതി ആരംഭിക്കുന്നത്. അഡീഷണല്‍ ജില്ലാ ജഡ്ജ് (രണ്ട്) രാജന്‍ തട്ടിലിനാണ് ഹൊസ്ദുര്‍ഗ് സ്‌പെഷ്യല്‍ കോടതിയുടെ ചുമതല നല്‍കിയിരിക്കുന്നത്. ജില്ലാ സെഷന്‍സ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശന്റെ പ്രത്യേക താല്‍പര്യമാണ് കോഡിന്റെ പ്രതിസന്ധി കാലത്തും പുതിയ കോടതികള്‍ യാഥാര്‍ത്ഥ്യമാക്കിയത്. ജില്ലയ്ക്ക് എംഎസിടി, പോക്്സോ കോടതികള്‍ വരുന്നത്കൊണ്ട് ഈ വിഭാഗത്തിലുള്ള കേസുകള്‍ പെട്ടെന്ന് തീര്‍ക്കാനാവും. നിലവില്‍ ഇത്തരം കേസുകള്‍ അഡീഷണല്‍ കോടതിയായിരുന്നു കൈകാര്യം ചെയ്തിരുന്നത്.