ആരോഗ്യമേഖലയില്‍ മാറ്റത്തിന്റെ വലിയ വിപ്ലവം സാധ്യമായി; ആരോഗ്യമന്ത്രി

post

കാസര്‍കോട്: സംസ്ഥാനസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആരോഗ്യ മേഖലയില്‍ അടിസ്ഥാനപരമായിട്ടുള്ള മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അനുവദിച്ച രണ്ടു കോടിയുടെ കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പശ്ചാത്തല സൗകര്യങ്ങളില്‍ മാത്രമല്ല ദീര്‍ഘകാലാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച്  നടപ്പാക്കുന്നത്. ആളുകളില്‍ കാണുന്ന പല അസുഖങ്ങളും തുടക്കത്തിലെ ചികിത്സിച്ച് രോഗപ്രതിരോധ സംവിധാനത്തെ ഊട്ടിയുറപ്പിക്കുന്ന രീതിയിലാണ് നമ്മുടെ ആരോഗ്യ സംവിധാനം മുന്നോട്ട് പോകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പ്രൈമറി, സെക്കന്‍ഡറി തല ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നമ്മുടെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനു വേണ്ടി പഞ്ചായത്ത് പദ്ധതിയില്‍ നിന്നും മറ്റു വിവിധ വകുപ്പുകളുടെ പദ്ധതിയില്‍ നിന്നും ആരോഗ്യവകുപ്പില്‍ നിന്നുമൊക്കെയായി ഫണ്ട് സ്വരൂപിച്ചാണ്  സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.