ഇ-സഞ്ജീവനിക്ക് വന്‍ സ്വീകാര്യത

post

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ഒ.പി. ചികിത്സക്കായുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ പകരം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ടെലിമെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനിക്ക് വന്‍ സ്വീകാര്യത. ദിവസേന നാനൂറിലധികം ഒ. പി. കളാണ് ഇ-സഞ്ജീവനി വഴി നടക്കുന്നത്. ഒരു കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം ആറ് മിനിറ്റും 52 സെക്കന്റുമാണ് എടുക്കുന്നത്. കൂടാതെ ഇ- സഞ്ജീവനി സേവനങ്ങള്‍ക്കായുള്ള ശരാശരി കാലതാമസം 5 മിനിട്ടും 11 സെക്കന്റും മാത്രമാണ്. പതിവായുള്ള ജനറല്‍ ഒ. പി. സേവനങ്ങള്‍ക്കു പുറമേ സ്‌പെഷ്യാലിറ്റി സേവനങ്ങളും കൗണ്‍സിലിംഗ് സേവനങ്ങളും നിലവില്‍ ഇ- സഞ്ജീവനിയില്‍ ലഭിക്കും. സേവനങ്ങള്‍ തികച്ചും സൗജന്യമാണ്.

തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്‌സ് കോഴിക്കോട് ഇംഹാന്‍സ് , തിരുവനന്തപുരം ആര്‍സിസി, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍, തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളിലും ഒ. പി. സേവനങ്ങള്‍ ഇ- സഞ്ജീവനിലൂടെ ആരംഭിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ സര്‍ക്കാര്‍ മേഖലയിലെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ഒ. പി. കളും ഇ- സഞ്ജീവനിയിലൂടെ തുടങ്ങി. ഡിസ്ട്രിക്റ്റ് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററും അതോടൊപ്പം ജില്ലകളിലെ അഡോളസന്റ് ക്ലിനിക്കിലെ കൗണ്‍സിലര്‍മാരും ചേര്‍ന്നാണ് കൗണ്‍സിലിങ് സേവനങ്ങള്‍ നല്‍കുന്നത്.

ഇ- സഞ്ജീവനി സേവനങ്ങള്‍ ഫീല്‍ഡ് തല ആരോഗ്യപ്രവര്‍ത്തകര്‍ വോളന്റിയര്‍മാര്‍ എന്നിവരിലൂടെ എത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായിട്ടുണ്ട്. ഭവന സന്ദര്‍ശനവേളകളില്‍ സാഹചര്യങ്ങള്‍ മനസ്സിലാക്കി ഇ- സഞ്ജീവനി സേവനങ്ങള്‍ ഓരോ വ്യക്തിക്കും എങ്ങനെ ലഭ്യമാകുമെന്നും അതോടൊപ്പം അതെങ്ങനെ ഉപയോഗിക്കാമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കും. ഇപ്പോള്‍ ഇ-സഞ്ജീവനിയുടെ ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമിലൂടെ കുറിച്ച് നല്‍കുന്ന മരുന്നുകള്‍, നിര്‍ദ്ദേശമടങ്ങുന്ന ഇ- സഞ്ജീവനി കുറിപ്പടിയോടൊപ്പം, തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ മരുന്നുകള്‍ സൗജന്യമായി കിട്ടും. പരിശോധനകള്‍ സംബന്ധിച്ച ഇസഞ്ജീവനി കുറിപ്പടി ലഭിച്ചാല്‍ ആശുപത്രിയില്‍ ലഭ്യമായ പരിശോധനകള്‍ നടത്താം. ഇ സഞ്ജീവനി കുറിപ്പടികള്‍ക്ക് 24 മണിക്കൂര്‍ സാധുത ലഭിക്കും.