ഹരിവരാസനം പുരസ്‌കാര വിതരണം ജനുവരി 15ന്

post

പത്മവിഭൂഷണ്‍ ഇസൈ ജ്ഞാനി ഇളയരാജ 2020 ലെ ഹരിവരാസനം പുരസ്‌കാരം  ഏറ്റുവാങ്ങും 

 തിരുവനന്തപുരം :2020ലെ ഹരിവരാസനം പുരസ്‌കാരം പത്മവിഭൂഷണ്‍ ഇസൈ ജ്ഞാനി ഇളയരാജയ്ക്ക് സമ്മാനിക്കും. ശബരിമല അയ്യപ്പസന്നിധിയിലെ സ്റ്റേജില്‍ മകരവിളക്ക് ദിനമായ 15 ന് നടക്കുന്ന  ചടങ്ങില്‍ വച്ച് ദേവസ്വം സഹകരണം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഹരിവരാസനം പുരസ്‌കാരം ഇളയരാജയ്ക്ക് സമ്മാനിക്കും.സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും  ചേര്‍ന്നാണ് ഹരിവരാസനം പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഹരിവരാസനം അവാര്‍ഡ്.ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ജ്യോതിലാല്‍ ചടങ്ങില്‍ പ്രശസ്തി പത്രം വായിക്കും.അവാര്‍ഡ് വിതരണ ചടങ്ങില്‍ ഇളയരാജയുടെ സംഗീത വിരുന്ന് ഉണ്ടാകും.15 ന് രാവിലെ 9 മണിക്കാണ് അവാര്‍ഡ് വിതരണ സമ്മേളനം ആരംഭിക്കുക. നടന്‍ ജയറാം ഉള്‍പ്പെടെയുള്ള ചലച്ചിത്ര താരങ്ങളും ചടങ്ങില്‍ മുഖ്യാതിഥികളായിരിക്കും.

ശബരിമലയിലെ സ്റ്റേജില്‍ നടക്കുന്ന അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ രാജു എബ്രഹാം എം.എല്‍ എ അധ്യക്ഷത വഹിക്കും. പുരസ്‌കാര വിതരണ സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്യും.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു ,ബോര്‍ഡ് അംഗങ്ങളായ അഡ്വ.കെ.എസ്.രവി, അഡ്വ.എന്‍.വിജയകുമാര്‍, ആന്റോ ആന്റണി എം.പി ,ദേവസ്വം കമ്മീഷണര്‍ ബി.എസ്.തിരുമേനി, ദേവസ്വം ഓംപുഡ്‌സ്മാന്‍ പി.ആര്‍.രാമന്‍, ശബരിമല  സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ശബരിമല ഹൈപ്പവര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ കെ.ജയകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.