കൊല്ലം തുറമുഖത്തെ മള്‍ട്ടിപര്‍പ്പസ് പാസഞ്ചര്‍ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു

post

രണ്ട് ടഗ്ഗുകളും കടലിലിറങ്ങി

തിരുവനന്തപുരം: കൊല്ലം തുറമുഖത്തെ മള്‍ട്ടിപര്‍പ്പസ് പാസഞ്ചര്‍ ടെര്‍മിനലിന്റെയും രണ്ട് ടഗ്ഗുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിച്ചു. കൊല്ലം തുറമുഖത്ത് നിലവിലുള്ള 178 മീറ്റര്‍ വാര്‍ഫിന് പുറമെയാണ് 20 കോടി രൂപ ചെലവഴിച്ച് 100 മീറ്റര്‍ നീളത്തില്‍ പുതിയ മള്‍ട്ടി പര്‍പ്പസ് ടെര്‍മിനില്‍ നിര്‍മിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യാത്രാകപ്പലുകള്‍ ഇല്ലാത്ത സമയത്ത് ഇവിടെ കാര്‍ഗോ കപ്പലുകള്‍ അടുപ്പിക്കാനാവും. കൊല്ലവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും മിനിക്കോയ് കൊല്ലം വിനോദ സഞ്ചാര പാതയ്ക്കുള്ള സാധ്യത തുറക്കാനും ഇതിലൂടെ സാധിക്കും. തെക്കന്‍ കേരളത്തിലെ വ്യവസായ വാണിജ്യ ഉത്പാദനത്തെയും മത്‌സ്യബന്ധന മേഖലയുടെ വളര്‍ച്ചയ്ക്കും സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

3.20 കോടി രൂപ ചെലവഴിച്ചാണ് രണ്ടു പുതിയ മോട്ടോര്‍ ടഗ്ഗുകള്‍ നിര്‍മിച്ചത്. ധ്വനി, മിത്ര എന്ന് പേരിട്ടിരിക്കുന്ന ടഗ്ഗുകള്‍ ഇടത്തരം കപ്പലുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളതാണ്. ഒരു ടഗ്ഗ് കൊല്ലത്തും മറ്റൊന്ന് ബേപ്പൂരുമാണ് കമ്മീഷന്‍ ചെയ്യുന്നത്. എല്ലാവിധ ആധുനിക ഉപകരണങ്ങളും ടഗ്ഗുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ മുഖ്യാതിഥിയായിരുന്നു.