എല്ലാവരും വൈദ്യുതി ഉല്പാദകരായി മാറണം :മുഖ്യമന്ത്രി പിണറായി വിജയന്‍

post

കോഴിക്കോട് : വീടുകളിലും സ്ഥാപനങ്ങളിലും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ച്  എല്ലാവരും വൈദ്യുതി ഉല്പാദകരായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 480 കിലോവാട്ട് സൗരോര്‍ജ്ജ ഉല്പാദനം പദ്ധതി പൂര്‍ത്തീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നളന്ദ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് .ഈ രീതിയില്‍ സൗരോര്‍ജം ഉല്പാദിപ്പിക്കാന്‍ കഴിയുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റ് പൊതു ഇടങ്ങളിലുമാണ് .അതുകൊണ്ട് വ്യാപകമായ രീതിയില്‍ വീടിന് മുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാനാവും .കൂടാതെ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അതിന് മുകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ചാല്‍ നല്ല രീതിയില്‍ വൈദ്യുതി ഉല്പാദിപ്പിക്കാനാവും .കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം  പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജത്തിലാണ് .ഇതിന് ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡും നേടാനായി .വീടിന് മേലെ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചാല്‍ അതില്‍ നിന്നുണ്ടാകുന്ന വൈദ്യുതി ഉപയോഗം കഴിഞ്ഞ് കെ എസ് ഇ ബി ഗ്രിഡിലേക്ക് നല്‍കാന്‍ കഴിയും . ഇപ്രകാരം നല്‍കുന്ന വൈദ്യുതിക്ക് പണം ലഭ്യമാകുകയും ചെയ്യും .സൗരോര്‍ജ്ജം ഉപയോഗിച്ചുള്ള വൈദ്യുതി ഉല്പാദനം പരിസ്ഥിതി സൗഹൃദപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ മാതൃകാപരമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് .ജില്ലാ പഞ്ചായത്ത് തന്നെ മുന്‍കൈ എടുത്ത അനുഭവമാണ് ഇപ്പോളുള്ളത്. . ജില്ലാ പഞ്ചായത്തിന് ഇത്തരം മാതൃകാപരമായ പദ്ധതിക്ക് തുടക്കം കുറിക്കാനായത് ഈ മേഖലയെ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു .വിവിധ മേഖലയില്‍ ഭാവനാ സമ്പന്നമായ പ്രവര്‍ത്തനമാണ് ജില്ലാ പഞ്ചായത്ത് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. എ പ്രദീപ് കുമാര്‍ എം എല്‍ എ മുഖ്യാതിഥിയായി .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട് ,വിദ്യാഭ്യാസ ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ,ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ബോസ് ജേക്കബ് ,വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി പി മിനി ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ജി ജോര്‍ജ് മാസ്റ്റര്‍ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത മനക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് വി ബാബു നന്ദിയും പറഞ്ഞു .ക്ഷേമ പവര്‍ ചെയര്‍മാന്‍ സതീഷ് ബസന്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപഹാരം നല്‍കി.