കേരള പോലീസ് അക്കാഡമിയെ മികവിന്റെ കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി

post

തിരുവനന്തപുരം: കേരള പോലീസ് അക്കാഡമിയെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും വിവിധ സര്‍വകലാശാലകളുടെ സഹകരണത്തോടെ സംസ്ഥാന പോലീസ് സേനയെ മികവുറ്റതാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പോലീസ് അക്കാഡമി സംഘടിപ്പിച്ച രണ്ടാമത് പോലീസ് സയന്‍സ് കോണ്‍ഗ്രസ് വീഡിയോ കോണ്‍ഫറന്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മികച്ച അന്വേഷണ ഏജന്‍സി എന്ന കേരള പോലീസിന്റെ റെക്കോഡ് കൂടുതല്‍ മികവുറ്റതാക്കുന്നതിനുള്ള പരിശീലനം ഉള്‍പ്പെടുത്തും. ഫോറന്‍സിക് സയന്‍സില്‍ ബിരുദാനന്തരബിരുദ കോഴ്സും അപ്ലൈഡ് ക്രിമിനോളജിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും കോഴിക്കോട് സര്‍വകലാശാലയുമായി സഹകരിച്ച് ആരംഭിച്ചിട്ടുണ്ട്. ഡാറ്റ സയന്‍സ്, ഫോറന്‍സിക് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തരബിരുദ കോഴ്സുകള്‍ക്ക് കുസാറ്റുമായി ധാരണാപത്രം ഒപ്പുവച്ചു. ഇതില്‍ അഞ്ച് സീറ്റുകള്‍ പോലീസുകാര്‍ക്കായി സംവരണം ചെയ്യും. നുവാല്‍സുമായി ചേര്‍ന്ന് നിയമസംബന്ധ കോഴ്സ് തുടങ്ങുന്നതിനും ധാരണപത്രം ഒപ്പുവച്ചു. ഫോറന്‍സിക് സയന്‍സ്, ദുരന്തനിവാരണം, പരിസ്ഥിതി ശാസ്ത്രം, ഫോറന്‍സിക് സയന്‍സില്‍ ഗവേഷണം എന്നിവയ്ക്കായി എം. ജി സര്‍വകലാശാലയുമായി ചര്‍ച്ച നടക്കുകയാണ്. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ച് കോഴ്സ് നടത്തുന്നതും പരിഗണനയിലുണ്ട്.

പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങളുടെ പോലീസായി പ്രവര്‍ത്തിക്കുന്നതില്‍ കേരള പോലീസ് മികവു കാട്ടി. പ്രളയത്തിലും പേമാരിയിലും മണ്ണിടിച്ചിലിലും ഏറ്റവുമൊടുവില്‍ കോവിഡ് കാലത്തും നമുക്ക് അത് വ്യക്തമായി. കോവിഡ് ലോക്ക്ഡൗണില്‍ ജനങ്ങള്‍ക്ക് വേണ്ട അവശ്യ വസ്തുക്കള്‍ എത്തിക്കാനും മരുന്നുകള്‍ കൊണ്ടുകൊടുക്കുന്നതിനും പോലീസ് തയ്യാറായി. ജനതാത്പര്യം സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ കേരള പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.