സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ലയായി തലസ്ഥാനം

post

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ഹരിതാഭ ഭൂപ്രകൃതി സൃഷ്ടിക്കാന്‍ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതി യാഥാര്‍ത്ഥ്യമാക്കി തിരുവനന്തപുരം സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ലയായി. നഗരങ്ങളിലെ കോണ്‍ക്രീറ്റ് നിര്‍മ്മിതികളും വാഹനങ്ങളും പുറപ്പെടുവിക്കുന്ന ചൂടില്‍ നിന്ന് ആശ്വാസം നല്‍കിക്കൊണ്ട് ജില്ലയിലെ 78 തദ്ദേശഭരണ സ്ഥാപനങ്ങളിലാണ് പച്ചത്തുരുത്ത് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 454 ഏക്കറിലായി 1,261 പച്ചത്തുരുത്തുകളാണ് ഒരുക്കിയത്. ഇതില്‍ 256 എണ്ണവും തിരുവനന്തപുരത്താണ്. ജില്ലയിലാകെ 36.7 ഏക്കറിലാണ് പച്ചത്തുരുത്ത് ഒരുക്കിയത്. 20000 ചെടികള്‍ വച്ചു പിടിപ്പിച്ചു.

ജില്ലയില്‍ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലാണ് ഏറ്റവുമധികം പച്ചത്തുരുത്തുകള്‍; 76 എണ്ണം. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത് എന്ന ബഹുമതിയും കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിനാണ്. ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിലും പച്ചത്തുരുത്ത് ഒരുക്കിയിട്ടുണ്ട്. ഇവിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പച്ചത്തുരുത്തുകളുടെ പരിപാലന ചുമതല. ഇരിപ്പിടങ്ങള്‍, കുളങ്ങള്‍, ഊഞ്ഞാലുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടത്തെ എല്ലാ പച്ചതുരുത്തുകളിലും ഒരുക്കിയിട്ടുണ്ട്. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് (24 പച്ചതുരുത്തുകള്‍), പാറശ്ശാല (21), വാമനപുരം (15), വെള്ളനാട് (13), വര്‍ക്കല (12), നേമം (10), പെരുങ്കടവിള (9), നെടുമങ്ങാട് (7), അതിയന്നൂര്‍ (6), പോത്തന്‍കോട് (6), വര്‍ക്കല നഗരസഭ (22), നെയ്യാറ്റിന്‍കര നഗരസഭ (17), ആറ്റിങ്ങല്‍ നഗരസഭ (10), തിരുവനന്തപുരം കോര്‍പ്പറേഷന്‍ (6), നെടുമങ്ങാട് നഗരസഭ (2) എന്നിവിടങ്ങളിലും പച്ചത്തുരുത്തുകള്‍ ഒരുക്കിയിട്ടുണ്ട്.

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തില്‍ 9.4 ഏക്കറിലാണ് പച്ചത്തുരുത്തിന്റെ ഭാഗമായി ചെടികള്‍ നട്ടുപിടിപ്പിച്ചത്. പാറശ്ശാലയില്‍ 5.05 ഏക്കറിലും കിളിമാനൂരില്‍ 4.35 ഏക്കറിലും നെയ്യാറ്റിന്‍കര നഗരസഭയില്‍ 2.3 ഏക്കറിലും പച്ചത്തുരുത്ത് നിര്‍മിച്ചു. ഒരു പദ്ധതിയുടെ ഭാഗമായി ഇത്രയേറെ തരിശുനിലങ്ങള്‍ പച്ചപ്പണിയുന്നത് ഇതാദ്യമാണ്. കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ നെയ്യാര്‍ഡാം പരിസരത്ത് എട്ട് ഏക്കറിലാണ് പച്ചത്തുരുത്തൊരുക്കിയിട്ടുള്ളത്. പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കരവാരം ഗ്രാമപഞ്ചായത്തിനെ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ ആദ്യ തരിശു രഹിത പഞ്ചായത്തായും, കേരളത്തിലെ ആദ്യ ഹരിത സമൃദ്ധി പഞ്ചായത്തായും പ്രഖ്യാപിച്ചിട്ടുണ്ട്. പാങ്ങോട് പോലീസ് സ്റ്റേഷനാണ് പച്ചത്തുരുത്ത് നിര്‍മിച്ച സംസ്ഥാനത്തെ ആദ്യ പോലീസ് സ്റ്റേഷന്‍.

എന്താണ് പച്ചത്തുരുത്തുകള്‍:

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ സന്നദ്ധ സംഘടനകളുടെയോ പൊതു സ്ഥാപനങ്ങളുടെയോ വകുപ്പുകളുടെയോ വ്യക്തികളുടെയോ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി, തദ്ദേശീയമായ വൃക്ഷങ്ങളും മറ്റ് സസ്യങ്ങളും ഉള്‍പ്പെടുത്തി വനത്തിന്റെ സവിശേഷതകള്‍ രൂപപ്പെടുത്തുകയും അതിന്റെ തുടര്‍ സംരക്ഷണവുമാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മനുഷ്യ നിര്‍മിതമായ ചെറുവനങ്ങളാണിവ. ഉപയോഗശൂന്യമായിക്കിടക്കുന്ന അര സെന്റ് ഭൂമി മുതല്‍ സ്ഥലങ്ങളില്‍ പച്ചതുരുത്ത് ഒരുക്കാം. ഇവിടങ്ങളില്‍ ഫലവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും ഔഷധസസ്യങ്ങളും ഉള്‍പ്പടെ അതാത് പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ സസ്യങ്ങളാണ് വളര്‍ത്തേണ്ടത്. വലിയ വൃക്ഷങ്ങള്‍ മുതല്‍ അടിക്കാടുകള്‍ വരെ പച്ചതുരുത്തിന്റെ ഭാഗമാക്കാം. അധിനിവേശ സസ്യങ്ങളും ഗ്രാഫ്റ്റ് ചെയ്ത ചെടികളും പച്ചതുരുത്തിന്റെ ഭാഗമാക്കാറില്ല.

പുഴകള്‍, തോടുകള്‍, കായലുകള്‍, കുളങ്ങള്‍ തുടങ്ങി ജലസ്രോതസ്സുകളുടെ കര, കണ്ടല്‍വനങ്ങള്‍ വളരാന്‍ പറ്റിയ പ്രദേശങ്ങള്‍, കുന്നിന്‍ ചരിവുകള്‍, പാറപ്രദേശങ്ങള്‍ എന്നിവയെല്ലാം പച്ചത്തുരുത്തുകള്‍ക്ക് അനുയോജ്യമാണ്.

പച്ചത്തുരുത്ത് കൊണ്ടുള്ള നേട്ടങ്ങള്‍:

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുക എന്നതാണ് പച്ചത്തുരുത്തിന്റെ പ്രധാന ലക്ഷ്യം. അന്തരീക്ഷത്തിലെ പൊടിപടലങ്ങളും മറ്റും ഒരുപരിധിവരെ അന്തരീക്ഷത്തില്‍ വ്യാപിക്കാതെ, തടഞ്ഞുനിര്‍ത്തുന്നതിന് സസ്യങ്ങള്‍ സഹായിക്കുന്നു. വാഹനങ്ങള്‍, വ്യവസായശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും പുറംതള്ളുന്ന വിഷവായുവിനെ വിഷമുക്തമാക്കാനും വനങ്ങള്‍ക്ക് സാധിക്കും. സസ്യങ്ങളുടെ വേരിന്റെയും, ജൈവാംശമുള്ള മണ്ണിന്റേയും സാന്നിധ്യത്താല്‍, മണ്ണൊലിപ്പിന്റെ സാധ്യത കുറയുകയും ജലത്തിന്റെ ഒഴുക്കിനെ മിതപ്പെടുത്തി പരമാവധി ജലം മണ്ണിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നതുമൂലം ഭൂഗര്‍ഭജലം വര്‍ദ്ധിക്കുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. ശക്തമായ കാറ്റ്, വെള്ളപ്പൊക്കം എന്നിവയുടെ വേഗത കുറച്ച് അതുമൂലമുണ്ടായേക്കാവുന്ന വിപത്തുകളെ ഒരുപരിധിവരെ ഇല്ലാതാക്കുന്നു. ഇതിനെല്ലാമുപരി ഫലങ്ങളുടേയും ഔഷധങ്ങളുടേയും സ്രോതസ്സായും പച്ചത്തുരുത്തുകളെ ഉപയോഗിക്കാം.