കൊച്ചിക്ക് കുതിപ്പേകാന്‍ കുണ്ടന്നൂര്‍ മേല്‍പ്പാലം

post

എറണാകുളം: ഗതാഗതക്കുരുക്കിന് പരിഹാരമേകി കൊച്ചിക്ക് കുതിപ്പേകാന്‍ കുണ്ടന്നൂര്‍ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നു. ആറുവരിപ്പാതയ്ക്ക് അനുയോജ്യമായ രീതിയില്‍ 24.1 മീറ്റര്‍ വീതിയിലും 731 മീറ്റര്‍ നീളത്തിലും വിഭാവനം ചെയ്തിരിക്കുന്ന മേല്‍പ്പാലം കിഫ്ബി ധനസഹായത്തോടെ പൂര്‍ണമായും സംസ്ഥാന ഫണ്ട് മാത്രം ഉപയോഗപ്പെടുത്തിയാണ് നിര്‍മ്മിക്കുന്നത്. മേല്‍നോട്ട ചുമതല പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിനാണ്.

എറണാകുളം ജില്ലയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്ന്, ദേശീയപാത 66, 966 ബി, 85 എന്നീ മൂന്ന് ദേശീയപാതകളുടെ സംഗമസ്ഥാനം, വില്ലിംഗ്ടണ്‍ ഐലന്റ് ഭാഗത്ത് നിന്നും ബി.പി.സി.എല്ലിലേക്ക് ഭീമന്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ പോകുന്നതിനുള്ള വഴി, എന്നിങ്ങനെ വാണിജ്യപരമായി വളരെ പ്രധാന്യമുള്ള ജംഗ്ഷനാണ് കുണ്ടന്നൂര്‍. ഇതുവഴി യാത്രചെയ്യുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്നമായിരുന്നു ഗതാഗതക്കുരുക്ക്. എന്നാല്‍ ഇതിന് പരിഹാരമാണ് കുണ്ടന്നൂര്‍ മേല്‍പ്പാലം പൂര്‍ത്തിയാകുന്നതോടെ യാഥാര്‍ത്ഥ്യമാകുന്നത്. നിര്‍മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന കുണ്ടന്നൂര്‍ മേല്‍പ്പാലം തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലാണ് ഉള്‍പ്പെടുന്നത്. 

മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ സമയത്ത് തന്നെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് ഇരുവശത്തുമായി ഡൈവേര്‍ഷന്‍ റോഡുകളും, തൃപ്പൂണിത്തുറ, വില്ലിംഗ്ടണ്‍ ഐലന്‍ഡ് ഭാഗത്തുനിന്നും അരൂര്‍ ഭാഗത്തേക്ക് പോകാന്‍ മേല്‍പ്പാലത്തിന് ഇരുവശത്തും സ്ലിപ് റോഡുകളും നല്‍കിയിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള സര്‍വീസ് റോഡുകളില്‍ വൈദ്യുതി വിളക്കുകള്‍, ഓട എന്നിവയുടെ നിര്‍മാണവും പദ്ധതിയില്‍ ഉള്ളതാണ്. മേല്‍പ്പാലത്തിന് താഴെയുള്ള റോഡിലൂടെ ഗതാഗതം സുഗമമാക്കുന്നതിന് സിഗ്നല്‍ സ്ഥാപിക്കുന്നതിനും, കോണ്‍ക്രീറ്റ് പേവിംഗ് ടൈല്‍ വിരിച്ച് മോടി കൂട്ടുന്നതിനും, വഴിവിളക്കുകള്‍ ക്രമീകരിച്ച് ജംഗ്ഷനിലെ വികസനവും എല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

പാലത്തിന്റെ മധ്യഭാഗത്തുള്ള ഉയരം 5.50 മീറ്ററില്‍ നിന്നും 6.50 മീറ്ററായി ഉയര്‍ത്തണമെന്ന ബിപിസിഎല്‍ അധികാരികളുടെ നിര്‍ദ്ദേശം പൊതുമരാമത്ത് വകുപ്പ് മന്ത്രി അംഗീകരിച്ചിരുന്നു. ഐലന്റ് ഭാഗത്ത് നിന്നുള്ള 5.50 മീറ്ററിലധികം ഉയരം വരുന്ന ഭീമന്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് പാലത്തിനടിയിലൂടെ സുഗമമായി കടന്നു പോകുന്നതിനു വേണ്ടിയാണ് ഉയരം കൂട്ടാന്‍ ആവശ്യപ്പെട്ടത്. അതിനായി നിലവിലെ ഡിസൈനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി 30 മീറ്റര്‍ നീളമുള്ള ഒരു സ്പാന്‍ കൂടി അധികമായി നിര്‍മ്മിച്ചു. അപ്രോച്ച് റോഡുകള്‍ ഉള്‍പ്പെടെ നിലവിലെ പാലത്തിന്റെ ആകെ നീളം 731 മീറ്ററാണ്. ഇപ്പോള്‍ 30 മീറ്റര്‍ നീളമുള്ള 15 സ്പാനുകളാണ് മേല്‍പ്പാലത്തില്‍ ഉള്ളത്. പാലത്തിലെ ടാറിങ്ങും സ്ലിപ് റോഡുകളിലെയും സര്‍വീസ് റോഡുകളിലെയും ബി.സി വര്‍ക്കും പെയിന്റിംഗ് ജോലികളും മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. തൃപ്പൂണിത്തുറ, അരൂര്‍, വൈറ്റില ഭാഗങ്ങളിലെ കാന നിര്‍മ്മാണവും പുരോഗതിയിലാണ്.

ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കോണ്‍ക്രീറ്റിന്റെ മുകളില്‍ ഏറ്റവും ബലപ്പെടുത്തുന്ന ടാറിങ്ങ് രീതിയായ മാസ്റ്റിക് അസ്ഫാള്‍ട്ട് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന പാലമാണെന്ന പ്രത്യേകതയും കുണ്ടന്നൂര്‍ മേല്‍പ്പാലത്തിനുണ്ട്. കൂടാതെ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ആവശ്യമായ ഗുണനിലവാര പരിശോധനകള്‍ നടത്തിയിട്ടുണ്ട്.  എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഗതാഗതം സുഗമമാക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പാലത്തിന്റെ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ കുണ്ടന്നൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകുന്നതോടൊപ്പം ജംഗ്ഷന്റെ അടിസ്ഥാന സൗകര്യ വികസനവും സാധ്യമാകും. 88. 77 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക എന്നാല്‍ 74 .45 കോടിരൂപയില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് വഴി 14.32 കോടി രൂപ ലാഭിക്കാന്‍ സാധിച്ചു. വിഭാവനം ചെയ്ത തുകയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് വലിയ നേട്ടമാണ്.