മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ സമഗ്ര വികസനം യാഥാർഥ്യത്തിലേക്ക്

ആഴം കുറഞ്ഞതും അപകടങ്ങൾ പതിവായതുമായ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം സുരക്ഷിതവും ആധുനികവുമാക്കുന്നതിനുള്ള സമഗ്ര വികസന പദ്ധതി യാഥാർഥ്യത്തിലേക്ക് .വർഷങ്ങളായി മത്സ്യത്തൊഴിലാളികൾക്ക് വലിയ ഭീഷണിയായിരുന്ന മുതലപ്പൊഴിയിലെ അപകടങ്ങൾക്കും അശാസ്ത്രീയമായ നിർമ്മാണ രീതികൾക്കും ഇതോടെ ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. PMMSY പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി 177 കോടി രൂപ ചെലവഴിച്ചാണ് തുറമുഖം 'ഗ്രീൻ ആൻഡ് ബ്ലൂ പോർട്ട്' നിലവാരത്തിലേക്ക് ഉയർത്തുന്നത്.
മുതലപ്പൊഴിയിൽ നിലവിലുള്ള മത്സ്യബന്ധന തുറമുഖം 2020 ജൂൺ 3-നാണ് കമ്മീഷൻ ചെയ്തത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് മുതലപ്പൊഴി ഹാർബറിന്റെ തെക്കേ പുലിമുട്ട് ഭാഗികമായി പൊളിച്ച് കല്ലുകൾ കടൽ മാർഗം കൊണ്ടുപോകുന്നതിന് അദാനി പോർട്സിന് സർക്കാർ അനുമതി നൽകിയിരുന്നു. തുറമുഖം കമ്മീഷൻ ചെയ്തതിന് ശേഷം വലിയ തോതിലുള്ള ഡ്രെഡ്ജിങ് നടത്തിയിട്ടും അപകടങ്ങളും മരണങ്ങളും വർദ്ധിച്ചു. ഈ സാഹചര്യത്തിൽ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം അപകടരഹിതമാക്കുന്നതിനുള്ള പഠനം സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷനെ ഏൽപ്പിച്ചു. അവരുടെ പഠന റിപ്പോർട്ട് അനുസരിച്ചാണ് തെക്കേ പുലിമുട്ടിന്റെ നീളം കൂട്ടുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കേന്ദ്ര സർക്കാർ നിഷ്കർഷിച്ച 'ഗ്രീൻ ആൻഡ് ബ്ലൂ പോർട്ട്' ഘടകങ്ങൾ ഉൾപ്പെടുത്തി 177 കോടി രൂപയുടെ വിശദമായ പദ്ധതി രൂപരേഖ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് സമർപ്പിക്കുകയും ഇതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തത്.
നിര്‍മ്മാണം ആരംഭിക്കുന്ന സമഗ്ര വികസന പദ്ധതിയിൽ തെക്കേ പുലിമുട്ടിന്റെ നീളം 420 മീറ്റർ വർദ്ധിപ്പിക്കൽ, പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികൾ, ഡ്രെഡ്ജിംഗ് പ്രവർത്തനങ്ങൾ, പെരുമാതുറ ഭാഗത്തും താഴംപള്ളി ഭാഗത്തുമുള്ള വാർഫുകൾ, ഓക്ഷൻ ഹാളുകൾ എന്നിവയുടെ നീളം കൂട്ടൽ, കടമുറികൾ, ലോഡിംഗ് ഏരിയ, പാർക്കിംഗ് ഏരിയ, വിശ്രമമുറികൾ, ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിവയുടെ നിർമ്മാണം, ആന്തരിക റോഡുകൾ, വൈദ്യുതീകരണ ജലവിതരണ സംവിധാനം എന്നിവയുടെ മെച്ചപ്പെടുത്തൽ, പരിസ്ഥിതി സൗഹൃദമായ 'ഗ്രീൻ ആൻഡ് ബ്ലൂ പോർട്ട്' സംവിധാനങ്ങൾ തുടങ്ങിയ ഘടകങ്ങളാണ് ഉൾപ്പെടുന്നത്. പ്രധാന ഘടകമായ പുലിമുട്ടിന്റെ നീളം കൂട്ടുന്നതിനും അറ്റകുറ്റപ്പണികൾക്കുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പി.കെ.എം.കോ കൺസ്ട്രക്ഷൻസിന് നൽകിയിട്ടുണ്ട്. ബാക്കിയുള്ള ഘടകങ്ങളുടെ നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ ഈ സമഗ്ര വികസനം മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസവും സുരക്ഷിതത്വവും നൽകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു.
പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജൂലൈ 31( വ്യാഴം) ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകുന്ന ചടങ്ങില്‍ കേന്ദ്ര ഫിഷറീസ് വകുപ്പ് സഹ മന്ത്രി ജോര്‍ജ്ജ് കുര്യന് വിശിഷ്ടാതിഥിയാകും.