സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ ലൈഫ് മൂന്നാം ഘട്ടം പൂര്‍ത്തിയാക്കും: മന്ത്രി പി. തിലോത്തമന്‍

post

ഏറ്റുമാനൂര്‍ ബ്ലോക്കില്‍ ലൈഫ് കുടുംബ സംഗമം നടത്തി

കോട്ടയം: സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുന്‍പ് ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിലെ ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സുരക്ഷിത ഭവനം എന്ന സാധാരക്കാരുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനൊപ്പം അനേകം പേര്‍ക്ക് ജീവിതോപാധികൂടി ലൈഫ് മുഖേന സ്വന്തമാകുകയാണ്. ജനങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുക എന്ന ഉത്തരവാദിത്വം സര്‍ക്കാര്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന്റെ മാതൃകയാണ് ഈ പദ്ധതി. വര്‍ഷങ്ങളായി നിര്‍മാണം മുടങ്ങിക്കിടന്ന പല വീടുകളും പൂര്‍ത്തിയായി. അര്‍ഹരായ അനേകം പേര്‍ക്ക് കൈത്താങ്ങേകാന്‍ സര്‍ക്കാരിന് സാധിച്ചതായും മന്ത്രി പറഞ്ഞു. 

ലൈഫിലൂടെ വീട് സ്വന്തമാക്കിയവരുടെ സംഗമം പദ്ധതി നിര്‍വഹണത്തിന് നേതൃത്വം നല്‍കുന്ന ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അഭിമാന വേളയാണെന്ന് മുഖ്യ പ്രഭാഷണവും താക്കോല്‍ദാനവും നിര്‍വഹിച്ച തോമസ് ചാഴികാടന്‍ എം പി പറഞ്ഞു. സംഗമത്തില്‍ 496 കുടുംബങ്ങള്‍ പങ്കെടുത്തു. ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിച്ച അദാലത്തില്‍ വിവിധ വകുപ്പുകളുടെ പതിനേഴോളം സ്റ്റാളുകള്‍ സജ്ജീകരിച്ചിരുന്നു. അദാലത്തില്‍ ലഭിച്ച 187 അപേക്ഷകളില്‍ 63 എണ്ണം തത്സമയം പരിഹരിച്ചു.

കെ. സുരേഷ് കുറുപ്പ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ. വൈക്കം വിശ്വന്‍ അനുമോദന പത്രം വിതരണം ചെയ്തു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി. എസ്. ഷിനോ പദ്ധതി നിര്‍വഹണത്തില്‍ മികവ് പുലര്‍ത്തിയ ഉദ്യോഗസ്ഥരെ ആദരിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി. എന്‍. സുഭാഷ്, ബി.ഡി.ഒ. ലക്ഷ്മി പ്രസാദ്, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.