തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം മുഖ്യമന്ത്രി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും

post

എറണാകുളം : ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഏറ്റവും ആധുനിക സൗകര്യങ്ങളോടുകൂടിയ തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം (Occupational Safety and Health Training Institute - OTI) മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി റ്റി . പി രാമകൃഷ്ണന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വ്യവസായശാലകളില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ വിവിധ നിയമങ്ങളിലൂടെ ഉറപ്പുവരുത്തുന്ന ഫാക്ടറീസ് ആന്‍ന്റ് ബോയിലേഴ്‌സ് വകുപ്പിന് കീഴിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട്. അപകടരഹിതവും, തൊഴില്‍ജന്യരോഗമുക്തവുമായ ഒരു തൊഴില്‍ സംസ്‌കാരം സംസ്ഥാനത്ത് രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 4.5 കോടി രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടി 3 നിലകളിലായാണ് കാക്കനാട് പരിശീലന കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ട്രെയിനിംഗ് സെന്ററില്‍ സജ്ജീകരിച്ചിരിക്കുന്ന എക്‌സിബിഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകളിലൂടെ തൊഴിലാളികള്‍ക്ക് അവര്‍ നേരിടുന്ന അപകട സാധ്യതകളും ആരോഗ്യപ്രശ്‌നങ്ങളും മനസ്സിലാക്കാനും അവ തടയുന്നതിനുള്ള പരിശീലനങ്ങള്‍ നേടാനും സാധിക്കും.

വൈദ്യുതി മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കി വെല്‍ഡിംഗ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഷോക്ക് ഏല്‍ക്കാതെ സുരക്ഷിതമായി ജോലി ചെയ്യാന്‍ സഹായിക്കുന്ന സുരക്ഷാ സംവിധാനങ്ങളും അത് പരിശീലിക്കുന്നതിനുള്ള സാഹചര്യവും സ്ഥാപനത്തിലുണ്ട്. കൂടാതെ ഉയരങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ പരിശീലിപ്പിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഇതിന് പുറമെ പ്രവര്‍ത്തിക്കുന്ന മോഡലുകളുടെ സഹായത്തോടെ മെറ്റല്‍ ക്രഷറുകളിലെ തൊഴിലാളികള്‍, ബോയിലറുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികള്‍ , കണ്‍വെയര്‍ ബെല്‍റ്റില്‍ കുടുങ്ങി മരണപ്പെടുന്ന അത്യന്തം ദാരുണമായ സാഹചര്യം ഒഴിവാക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാനും സാധിക്കും.

ശീതികരിച്ച ട്രെയിനിങ് ഹാളില്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ എല്‍ ഒ ) ജര്‍മ്മന്‍ സോഷ്യല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നടത്തുന്ന പരിശീലന പരിപാടികളില്‍ സംസ്ഥാനത്തെ തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പങ്കെടുക്കാന്‍ സാധിക്കും. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഒരു ഡിജിറ്റല്‍ ലൈബ്രറിയും പരിശീലന കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.