ചമ്പക്കര നാലുവരി പാലം ഉദ്ഘാടനം ചെയ്തു

post

എറണാകുളം: ചമ്പക്കര നാലുവരി പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ചു. 50 കോടി ചെലവില്‍ നിര്‍മ്മിച്ച ചമ്പക്കര പാലം കൊച്ചി മെട്രോയുടെ ഭാഗമായി ഡി.എം.ആര്‍.സി നിര്‍മ്മിക്കുന്ന നാലാമത്തെ പാലമാണ്. 245 മീറ്റര്‍ നീളമുണ്ട്. 2016 ല്‍ തുടക്കമിട്ട പാലത്തിന്റെ ആദ്യ ഘട്ട നിര്‍മ്മാണം കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കി. അന്ന് രണ്ടു വരി പാതയാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ചമ്പക്കര പാലം പൂര്‍ണമായും ഗതാഗതയോഗ്യമായി. വേലിയേറ്റ സമയത്ത് തടസങ്ങള്‍ ഇല്ലാത്ത രീതിയില്‍ ജലപാത സുഗമമാക്കുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മ്മാണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ വിധയാത്രാ സൗകര്യങ്ങളും സമ്മേളിക്കുന്ന ഇന്ത്യയിലെ നഗരമായ് കൊച്ചി മാറും: മുഖ്യമന്ത്രി

കൊച്ചിയില്‍ പൂര്‍ത്തിയാകാനിരിക്കുന്ന വിവിധ പദ്ധതികളുടെ വികസനത്തോടെ ഇന്ത്യയിലാദ്യമായി എല്ലാവിധ യാത്രാ സൗകര്യങ്ങളും സമ്മേളിക്കുന്ന നഗരമായി കൊച്ചി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഇതില്‍ കൊച്ചി മെട്രോ നിര്‍വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കൊച്ചി മെട്രോ കേവല ഗതാഗത ഉപാധി മാത്രമല്ല. മറിച്ച് കേരളത്തിലെ ജനങ്ങളുടെ ജീവിതരേഖ കൂടിയാണ്. വൃത്തിയുള്ള കോച്ചുകളുമായി എത്തിയ കൊച്ചി മെട്രോ സര്‍വീസ് മലയാളി ജീവിതത്തിന്റെ അടയാളമായി മാറി. ഇന്‍ഫോ പാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി ഇവയുമായെല്ലാം ബന്ധിപ്പിക്കുന്ന രണ്ടാം ഘട്ടം കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ മുഖഛായ തന്നെ മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് സംയോജിത ഗതാഗതത്തിന്റെ പുത്തന്‍ അനുഭവങ്ങളാണ് കെ.എം.ആര്‍.എല്‍ പുതിയ പദ്ധതികളിലൂടെ നല്‍കുന്നത്. കൊച്ചി വാട്ടര്‍ മെട്രോ അത്തരത്തിലുള്ള ഒന്നാണ്. വാട്ടര്‍ മെട്രോയുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷമാദ്യത്തോടെ യാത്ര ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. വേമ്പനാട്ടു കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന ദ്വീപ് നിവാസികളുടെ പുരോഗതിക്ക് വാട്ടര്‍ മെട്രോ മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യന്ത്രേതര യാത്രാ സൗകര്യങ്ങളും കൊച്ചി മെട്രോ ഒരുക്കുന്നുണ്ട്. മെട്രോ ഇടനാഴിയുടെ ഇരുവശത്തുമുള്ള 2 കി.മീറ്റര്‍ ദൂരം ഇതിനു വേണ്ടി തെരഞ്ഞെടുത്തിട്ടുണ്ട്. സുരക്ഷിതവും സുഗമവുമായ യാത്രാ അനുഭവം ഒരുക്കലാണ് ലക്ഷ്യം. മെച്ചപ്പെട്ട കാല്‍ നടപാതകള്‍ , സൈക്കിള്‍ സവാരിക്ക് അനുകൂലമായ ഇടങ്ങള്‍ ഓട്ടോമാറ്റിക് സൈക്കിള്‍ പാര്‍ക്കിംഗ് ഇതെല്ലാം ഏര്‍പ്പെടുത്തുന്നുണ്ട്. ഇത് പൂര്‍ണമായാല്‍ യാത്രയുടെ ആദ്യവും അവസാനവും ബന്ധിപ്പിക്കുന്ന രീതിയില്‍ കൊച്ചിയിലെ പൊതുഗതാഗതം മാറും.

കൊച്ചി നഗരത്തെ ഹരിത ഗതാഗതത്തിന് അനുയോജ്യമാക്കാന്‍ കെ.എം.ആര്‍.എലിന്റെ ഇടപെടല്‍ ശ്ലാഘനീയമാണ്. സി എന്‍.ജി. ഇന്ധനം ഉപയോഗപ്പെടുത്തി ഓട്ടോറിക്ഷ, ബസ് സര്‍വീസ്, ടാക്‌സി എന്നിവക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. കൊച്ചിയിലെ കനാലുകളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കിയുള്ള ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം നടത്തിപ്പ് സര്‍ക്കാര്‍ കെ.എം.ആര്‍.എല്‍ നെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. 1400 കോടിയുടെ കിഫ്ബി ഫണ്ടു പയോഗിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ മുന്നൊരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇടപ്പള്ളി കനാല്‍, ചിലവന്നൂര്‍ കനാല്‍, തേവര - പേരണ്ടൂര്‍ കനാല്‍ , തേവര കനാല്‍, മാര്‍ക്കറ്റ് കനാല്‍, കോന്തുരുത്തി കനാല്‍ എന്നീ ആറ് പ്രധാന കനാലുകളുടെ പുനരുജ്ജീവനമാണ് പദ്ധതിയിലൂടെ സാധ്യമാകുന്നത്. കനാല്‍ ശുചീകരണം , തീരസംരക്ഷണം, പദ്ധതി ബാധിത പ്രദേശത്തുള്ളവരുടെ പുനരധിവാസം, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ കനാലുകള്‍ക്ക് പോയ കാലത്തെ പ്രൗഢി വീണ്ടെടുക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.