സംസ്ഥാനത്ത് പുതിയ വാട്ടര്‍ ടാക്സിയും കറ്റാമറൈന്‍ യാത്ര ബോട്ടുകളും സര്‍വീസ് ആരംഭിച്ചു

post

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് വാട്ടര്‍ ടാക്സിയുടെയും കറ്റാമറൈന്‍ യാത്ര ബോട്ടുകളുടെയും സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. യാത്രക്കാരെയും വിനോദ സഞ്ചാരികളെയും ഒരു പോലെ ലക്ഷ്യമിട്ടാണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിലാണ് സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 3.14 കോടി രൂപ ചെലവഴിച്ച് നാല് വാട്ടര്‍ ടാക്സികളാണ് ജലഗതാഗത വകുപ്പ് തയ്യാറാക്കുന്നത്. ഇതില്‍ ആദ്യത്തെ ബോട്ടാണ് നീറ്റിലിറങ്ങിയത്. വാട്ടര്‍ ടാക്സി പ്രയോജനപ്പെടുത്തി യാത്രക്കാര്‍ക്ക് വളരെ വേഗം ലക്ഷ്യസ്ഥാനത്തെത്താനാവും. ബോട്ടുകളില്‍ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

വാട്ടര്‍ ടാക്സിയില്‍ പത്തു പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. മണിക്കൂറിന് 1500 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. കറ്റാമറൈന്‍ ബോട്ടുകളില്‍ 100 പേര്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാം. 20.5 മീറ്റര്‍ നീളവും ഏഴു മീറ്റര്‍ വീതിയുമുള്ള അത്യാധുനിക ബോട്ടിന് ഏഴു നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാനാവും. 14 കോടി രൂപ ചെലവഴിച്ച് ഏഴു ബോട്ടുകള്‍ വാങ്ങാനാണ് ഭരണാനുമതി നല്‍കിയത്. ഇതില്‍ ആദ്യത്തെ ബോട്ടാണ് സര്‍വീസ് ആരംഭിക്കുന്നത്. മറ്റു ബോട്ടുകളും ഉടന്‍ സര്‍വീസ് തുടങ്ങും. ബോട്ടുകളിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടാവും.

റോഡുകളുടെയും മോട്ടോര്‍ വാഹനങ്ങളുടെയും വരവോടെയാണ് ജലഗതാഗതം കേരളത്തില്‍ കുറഞ്ഞത്. റോഡിലെ കുരുക്കും മലിനീകരണവും വര്‍ധിച്ച സാഹചര്യത്തില്‍ ജലഗതാഗതത്തിന് പുതിയ സാധ്യത തുറന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ജലഗതാഗതവും ജലപാതകളും വികസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത വികസനം പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ചരക്ക് ഗതാഗതത്തിനും വിനോദ സഞ്ചാരത്തിനും മലിനീകരണ മുക്ത ഗതാഗതത്തിനും കൂടുതല്‍ സൗകര്യം തുറന്നുകിട്ടും. റോഡ് ഗതാഗതത്തിന് സമാന്തരമായി ജലയാത്രാമാര്‍ഗം സംസ്ഥാനത്ത് പലയിടത്തും ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.