ജില്ലയില്‍ 38 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 251 പച്ചത്തുരുത്തുകള്‍

post

കാസര്‍കോട്: 2019 ജൂണ്‍ അഞ്ചിന് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചതു മുതല്‍ ഇതുവരെയായി ജില്ലയില്‍ 38 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 251 പച്ചത്തുരുത്തുകളാണ് നിര്‍മിച്ചിട്ടുള്ളത്. തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് പ്രധാനമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കുന്നത്. പദ്ധതിയ്ക്ക് ആവശ്യമായ കുഴി കുത്തല്‍, വൃക്ഷത്തൈകള്‍ നടല്‍, ജൈവവേലി കെട്ടല്‍, സംരക്ഷണം എന്നിവയുടെയെല്ലാം ചുമതല തൊഴിലുറപ്പില്‍ നിക്ഷിപ്തമാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, അമ്പലക്കമ്മിറ്റികള്‍, പള്ളിക്കമ്മിറ്റികള്‍, വായനശാലകള്‍, സ്‌കൂള്‍ പി ടി എ / എസ് എസ് ജീ കള്‍ എന്നിവരുടെയെല്ലാം സഹായ സഹകരണങ്ങളും ഹരിത കേരളം മിഷന്റെ നേതൃത്വവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമായിട്ടുണ്ട്. ഇത്തരത്തില്‍ നീലേശ്വരം ബ്ലോക്കില്‍ 91, കാഞ്ഞങ്ങാട് ബ്ലോക്കില്‍ 67,പരപ്പ ബ്ലോക്കില്‍ 37 , കാസര്‍കോട്  ബ്ലേക്കില്‍ 11 ,കാറഡുക്ക ബ്ലോക്കില്‍ 7 ,മഞ്ചേശ്വരം ബ്ലോക്കില്‍ 16, മുനിസിപ്പാലിറ്റികളില്‍ 22  അങ്ങനെ 97.5 ഏക്കര്‍ വിസ്തൃതിയില്‍ 251 പച്ചത്തുരുത്തുകളാണ് ജില്ലയിലുള്ളത്.

പച്ചത്തുരുത്തിലേക്കാവശ്യമായ വൃക്ഷത്തൈകള്‍ പ്രധാനമായും വനം വകുപ്പാണ് നല്‍കുന്നത്. ഇതിനു പുറമെ വൃക്ഷത്തൈകള്‍ നിര്‍മ്മിക്കുന്നതിന് ഇക്കഴിഞ്ഞ ഏപ്രില്‍  മെയ് മാസങ്ങളില്‍ ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ' കുഞ്ഞിളം കൈകളില്‍ കുഞ്ഞിളം തൈകള്‍ ' എന്ന പ്രോജക്ട് നടപ്പിലാക്കി. ഇതിലൂടെ ജില്ലയിലെ 8000 ത്തോളം കുട്ടികള്‍ റജിസ്റ്റര്‍ ചെയ്യുകയും അവര്‍ വീടുകളില്‍ 40000 ത്തോളം ഫലവൃക്ഷത്തൈകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്..

വലിയ ഉയരത്തില്‍ വളരുന്ന മരങ്ങളും കുറ്റിച്ചെടികളും ഔഷധച്ചെടികളും വള്ളിച്ചെടികളും ഇടകലര്‍ത്തി നടുന്ന രീതിയാണ് പച്ചത്തുരുത്തില്‍ സ്വീകരിച്ചിട്ടുള്ളത്. അത്തി, ആല്‍, അരയാല്‍, തുളസി, കാഞ്ഞിരം, മാവ്, പ്ലാവ്, പേര, ചെറുനാരകം, കടച്ചക്ക , ഫാഷന്‍ ഫ്രൂട്ട്, വെറ്റില, കുരുമുളക്, ലക്ഷ്മീ തരു, വേപ്പ്, പനി കൂര്‍ക്ക, മുറി കൂട്ടി, ഇഞ്ചി, മഞ്ഞള്‍, കച്ചോലം, രാമച്ചം, നന്നാറി. ചെമ്പരത്തി, കറ്റാര്‍വാഴ, മൈലാഞ്ചി. വയമ്പ്, മന്ദാരം, പിച്ചി .മുല്ല, മല്ലിക, നെല്ലി, ചാമ്പ, കറിവേപ്പ്, വെള്ളില, ത്രിപ്പലി, ചന്ദനം, പുളി,താള്, കറുക, തഴുതാമ തുടങ്ങിയ ഓരോ പ്രദേശത്തിനനുസരിച്ച് ലഭ്യമായവയാണ് പച്ചത്തുരുത്തില്‍ നട്ടിട്ടുള്ളത്.

എല്ലാ പച്ചത്തുരുത്തുകള്‍ക്കും ചെമ്പരത്തി, ആടലോടകം ,ശീമക്കൊന്ന തുടങ്ങിയ ചെടികള്‍ ഉപയോഗിച്ചു കൊണ്ടുള്ള ജൈവവേലി ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട് ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള റിസോഴ്സ് പേഴ്സണ്‍മാരുടെയും യങ് പ്രൊഫഷണല്‍മാരുടെയും ടീമാണ് ജില്ലയിലെ പച്ചതുരുത്തിന്റെ  പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നത്.