ഇനി തൊഴിലിടങ്ങള്‍ സുരക്ഷിതം: പരിശീലനത്തിനായി ഒക്കുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്

post

ഉദ്ഘാടനം 17 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: വ്യവസായ ശാലകളിലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് എറണാകുളത്ത് കാക്കനാട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഒക്കുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം) പ്രവര്‍ത്തന സജ്ജമാകുന്നു. ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരിനു കീഴില്‍ ആരംഭിക്കുന്ന പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം 17 ന് ഉച്ചയ്ക്ക് 12.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടക്കുന്ന ചടങ്ങില്‍ തൊഴില്‍ വകുപ്പ് മന്ത്രി റ്റി.പി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.  

4.5 കോടി രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ മൂന്നു നിലകളിലായിട്ടാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ട്രെയിനിംഗ് സെന്ററില്‍ സജ്ജീകരിച്ചിരിക്കുന്ന എക്‌സിബിഷന്‍ സെന്ററിലെ പ്രവര്‍ത്തിക്കുന്ന മോഡലുകളിലൂടെ തൊഴിലാളികള്‍ക്ക് അവര്‍ നേരിടുന്ന ഒട്ടുമിക്ക അപകട സാധ്യതകളും ആരോഗ്യപ്രശ്‌നങ്ങളും വ്യക്തതയോടെ മനസ്സിലാക്കാനും അവ തടയുന്നതിനുള്ള പരിശീലനം നേടാനുമാകും. സാങ്കേതികവിദ്യയുടെ സഹായത്തോടെ അന്താരാഷ്ട്ര തൊഴില്‍ സംഘടന, ജര്‍മ്മന്‍ സോഷ്യല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നടത്തുന്ന പരിശീലന പരിപാടിയില്‍ ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും പങ്കെടുക്കാം. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഡിജിറ്റല്‍ ലൈബ്രറി, ശീതികരിച്ച പരിശീലന ഹാള്‍ എന്നിവ കേന്ദ്രത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളാണ്.

ഹൈബി ഈഡന്‍ എം.പി., പി.ടി.തോമസ് എം.എല്‍.എ., തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന്‍, ലേബര്‍ കമ്മീഷ്ണര്‍ പ്രണബ് ജ്യോതിനാഥ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.