പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപത്തത ലക്ഷ്യം: വി എസ് സുനില്‍ കുമാര്‍

post

കാസര്‍കോട്: ജനുവരി ഒന്നിന് ആരംഭിച്ച ജീവനി പദ്ധതിയിലൂടെ കൃഷി വകുപ്പ് ലക്ഷ്യമിടുന്നത് പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തതയാണെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും മടിക്കൈ ഗ്രാമപഞ്ചായത്തിന്റെയും സഹായത്തോടെ നടപ്പിലാക്കിയ എരിക്കുളം വയലിലെ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 ല്‍ പ്രതിവര്‍ഷം കേരളത്തില്‍ ആറ് ലക്ഷം ടണ്‍ പച്ചക്കറിമാത്രമാണ് ഉദ്പാദിപ്പിച്ചിരുന്നെതെങ്കില്‍ 2019 ല്‍ ഇത് 12.75 ലക്ഷം ടണ്‍ ആയി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. ജീവനി എന്ന 470 ദിവസ കര്‍മ്മ പരിപാടിയിലൂടെ പച്ചക്കറി ഉത്പാദനം 16 ലക്ഷം ടണ്ണില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇലക്കറികള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, പയറു വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയുടെ ഉത്പാദനം കൂടുതലായി പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. 

എരിക്കുളം മോഡല്‍ മാതൃകാപരം

എരിക്കുളം വയലില്‍ ആദ്യം നെല്ല് കൃഷി ചെയ്ത് വിളവെടുക്കുകയും തുടര്‍ന്ന് പച്ചക്കറി കൃഷി ചെയ്യുകയും ചെയ്യുന്നു. അതിന് ശേഷം വയലിലെ കളിമണ്ണ് പ്രദേശവാസികള്‍ കളിമണ്ണ് പാത്ര നിര്‍മ്മാണത്തിന് എടുക്കുന്നു. എടുത്ത കളിമണ്ണിന് പകരമായി വയലില്‍ മണ്ണ്‌കൊണ്ട് വന്ന് നിക്ഷേപിക്കുന്നു. ഇങ്ങനെ നിക്ഷേപിക്കുന്ന മണ്ണ് പ്രകൃതിദത്തമായ പ്രതിഭാസത്തിലൂടെ കടന്നുപോയി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കളിമണ്ണായി രൂപാന്തരപ്പെടുന്നു. ഇത് മാതൃകാപരമായ മോഡല്‍ ആണെന്ന് കൃഷി വകുപ്പ് മന്ത്രി പറഞ്ഞു. എന്നാല്‍ തൃശ്ശൂര്‍ ജില്ലയുടെ ഭാഗത്തും വയലില്‍ നിന്നും കളിമണ്ണ് എടുക്കുന്നവര്‍ അവിടെ പകരം മണ്ണ് നിറക്കാത്തത് പ്രദേശിക പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 

ജനപ്രതിനിധികളുടെ വീട്ടില്‍ പച്ചക്കറി തോട്ടം ഒരുക്കും

നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം എന്ന ലക്ഷ്യത്തോടെ ജനുവരി ഒന്നിന് ആരംഭിച്ച ജീവനി പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ വീടുകളില്‍ പച്ചക്കറി തോട്ടം ഒരുക്കും. ഇതിന്റെ ഭാഗമായി  മടിക്കൈ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ വീട്ടിലും പച്ചക്കറി തോട്ടം ഒരുക്കും. പദ്ധതിയുടെ ഭാഗമായി ഗവണ്‍മെന്റ്, സ്വകാര്യ സ്ഥാപന പരിസരത്തും പച്ചക്കറി കൃഷി വ്യാപിപ്പിക്കും. പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടയുള്ളയുള്ളവരുടെ വീടുകളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും.

 കാഞ്ഞങ്ങാട് പച്ചക്കറി വില്‍പന കേന്ദ്രം ആരംഭിക്കും

കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറി ഇടനിലക്കാരില്ലാതെ ഉപഭോക്താക്കാളിലേക്ക് എത്തിക്കുന്നതിനും കര്‍ഷര്‍ക്ക് അര്‍ഹമായ വില ലഭിക്കുന്നതിനും കാഞ്ഞങ്ങാട് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി വില്‍പന കേന്ദ്രം ഒരുക്കും. വിഷരഹിതമായ പച്ചക്കറികള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രാമചന്തകളും നഗരചന്തകളും സംഘടിപ്പിക്കും.

വിളകള്‍ ഇന്‍ഷുര്‍ ചെയ്യുന്നതില്‍ വൈമുഖ്യം കാണിക്കരുത്

കര്‍ഷകര്‍ വിളകള്‍ ഇന്‍ഷുര്‍ ചെയ്യുന്നതില്‍ വൈമുഖ്യം കാണിക്കരുതെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. നേന്ത്ര വാഴ ഒന്നിന് മൂന്ന് രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്താല്‍, വാഴ കുലച്ചതിന് ശേഷം പ്രകൃതിക്ഷോഭത്തില്‍ നശിച്ചാല്‍ വാഴയെന്നിന് 300 രൂപയും കുലയ്ക്കാത്ത വാഴയ്ക്ക് 200 രൂപ വീതവും ലഭിക്കും. മയിച്ചയില്‍ 1,200 നേത്രവാഴകള്‍ നശിച്ച കര്‍ഷകന് 3.30 ലക്ഷം രൂപ നല്‍കിയെന്നും മന്ത്രി പറഞ്ഞു.