ഉല്ലാസ കൂട്ടായ്മയായി ബഡി വാക്ക്

നിറഞ്ഞ ചിരിയുമായി കൊച്ചു കൂട്ടുകാര്‍ നഗരത്തില്‍
കൊല്ലം: നിറപകിട്ടാര്‍ന്ന ഉടയാടകളില്‍ നിറചിരി ചാലിച്ച് നഗരവീഥികളില്‍ ഉല്ലാസം നിറച്ചു കൊച്ചു കൂട്ടുകാര്‍. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സംസ്ഥാനതല ആഘോഷമായ ബഡി വാക്കിനൊപ്പം ചേര്‍ന്നു നാടാകെ. നിങ്ങളും ഞങ്ങളുടെ മക്കളാണ്, നിങ്ങളെ ഞങ്ങള്‍ കൈവിടില്ല, ഞങ്ങളും നിങ്ങളോടൊപ്പമുണ്ട് എന്ന സന്ദേശവുമായി കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു നിന്നു ജനപ്രതിനിധികളും. ആശ്രാമം മൈതാനത്ത് ബഡി വാക്ക് എം നൗഷാദ് എം എല്‍ എ ഫഌഗ് ഓഫ് ചെയ്തു. താളമേളങ്ങളും പ്രച്ഛനവേഷവും വര്‍ണാഭമാക്കിയ നടത്തം സമാപിച്ചത് ക്രേവന്‍ എല്‍ എം എസ് ഹൈസ്‌കൂളില്‍.
മേയര്‍ ഹണി ബഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ എസ് ഗീതാകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, മുന്‍ മേയര്‍ വി രാജേന്ദ്രബാബു, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, നാഷനല്‍ ട്രസ്റ്റ് സ്റ്റേറ്റ് നോഡല്‍ ഏജന്‍സി ചെയര്‍മാന്‍ ഡി ജേക്കബ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസര്‍ പി സുധീര്‍ കുമാര്‍, വനിതാ ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസര്‍ എസ് ഗീതാകുമാരി, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എ ജി സന്തോഷ്, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ശിരീഷ് കേശവന്‍, മുന്‍ ഗവര്‍ണര്‍ കെ പി രാമചന്ദ്രന്‍ നായര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍, ശിശുക്ഷേമ ബോര്‍ഡ് അധ്യക്ഷ സൂസന്‍കോടി തുടങ്ങിയവര്‍ കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു.
മികച്ച പങ്കാളിത്തത്തിനുള്ള ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ വെട്ടിക്കവല തണല്‍, ചവറ കരുണ, ശൂരനാട് ബഡ്‌സ് എന്നീ സ്‌കൂളുകള്‍ക്ക് സമ്മാനങ്ങളും നല്‍കി. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ മുഖ്യധാരയുടെ ഭാഗമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടി സാമൂഹ്യനീതി വകുപ്പും നാഷനല്‍ ട്രസ്റ്റ് സ്റ്റേറ്റ് നോഡല്‍ ഏജന്‍സി സെന്ററും ചേര്‍ന്ന് കൊല്ലം സിറ്റി റോട്ടറി ക്ലബിന്റെ സഹകരണത്തോടെയാണ് നടത്തിയത്.