ഭീമനടി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post

കാസര്‍കോട്: ഭീമനടി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നല്ലോംപുഴ സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി വൈദ്യുത വകുപ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തിരുവല്ല 110 കെവി സബ്‌സ്റ്റേഷന്‍, അങ്കമാലി ഇലക്ട്രിക്കല്‍ ഡിവിഷന്‍ പുതിയ കെട്ടിടം, ഭീമനടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പുതിയ കെട്ടിടം, വെളിയം ഇലക്ട്രിക്കല്‍ സെക്ഷന്‍ പുതിയ കെട്ടിടം എന്നീ നാല് പദ്ധതികളും നെടുങ്കണ്ടം ട്രാന്‍സ്മിഷന്‍ ഡിവിഷന്‍, ലക്കിടി ഇലക്ട്രിക്കല്‍ സെക്ഷന്‍, എന്നീ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ഓഫീസുകളും, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 

നിര്‍മ്മാണം ആരംഭിക്കുന്ന കോട്ടയത്തെ 400 കെ വി ജിഐഎസ് സബ്‌സ്റ്റേഷന്‍, മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ പുതിയ കെട്ടിടം, ഷൊര്‍ണൂര്‍ സബ് റീജിയണല്‍ സ്റ്റോര്‍ പുതിയ കെട്ടിടം, നല്ലോംപുഴ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് പുതിയ കെട്ടിടം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ വൈദ്യുത വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷനായി. ഡിസ്ട്രിബ്യൂഷന്‍ ഡയറക്ടര്‍ പി കുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ദിനേഷ് അറോറ, ഡയറക്ടര്‍ വി ശിവദാസന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കെ എസ് ഇ ബി മാനേജിങ് ഡയറക്ടര്‍ ചെയര്‍മാന്‍ എന്‍ എസ് പിള്ള സ്വാഗതവും ട്രാന്‍സ്മിഷന്‍ ഡയറക്ടര്‍ ഡോ പി രാജന്‍ നന്ദിയും പറഞ്ഞു.