കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി മാറ്റും : മുഖ്യമന്ത്രി

post

അസെന്‍ഡ് 2020 നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളത്ത് അസെന്‍ഡ് 2020 നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വ്യവസായ രംഗത്തിന്റെ വളര്‍ച്ചയ്ക്കായി വികസനത്തിനുതകുന്ന എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തും. കേരളം കൈവരിച്ച നേട്ടങ്ങള്‍ നിക്ഷേപക വര്‍ധനയ്ക്ക് സഹായകരമാണ്. കേരളത്തിന്റെ പ്രത്യേകതകള്‍, പ്രകൃതി വിഭവങ്ങള്‍, കാലാവസ്ഥ, മികച്ച ക്രമസമാധാന അന്തരീക്ഷം എന്നിവയെല്ലാം നിക്ഷേപത്തിന് ഏറെ അനുകൂലമാണ്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, സീപോര്‍ട്ടുകള്‍ എന്നിവ കേരളത്തിലുണ്ട്. ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുകയാണ്. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത എന്നിവയും പൂര്‍ത്തിയായി വരികയാണ്. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ദേശീയ ജലപാതയില്‍ ഈ വര്‍ഷം തന്നെ ബോട്ട് സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം-കാസര്‍ഗോഡ് സെമി ഹൈസ്പീഡ് ട്രെയിനും തത്വത്തില്‍ അംഗീകാരം ലഭിച്ചു കഴിഞ്ഞു. കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്കുള്ള സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണ്.

ഈ വര്‍ഷം അവസാനത്തോടെ കേരളത്തിലെ മുഴുവന്‍ റോഡുകളും മികച്ച രീതിയില്‍ ഗതാഗത യോഗ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വിവിധ ഏജന്‍സികളുടെ റാങ്കിംഗില്‍ കേരളം ഒന്നാം സ്ഥാനത്താണ്. കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ഫെസിലിറ്റേഷന്‍ ആക്ട്, കെ സ്വിഫ്റ്റ്, ഇന്‍വെസ്റ്റ്‌മെന്റ് കേരള പോര്‍ട്ടല്‍ തുടങ്ങിയ നിരവധി നടപടികള്‍ സംസ്ഥാനം സ്വീകരിച്ചു കഴിഞ്ഞു.

 വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സുഗമവും സുതാര്യവും അതിവേഗത്തിലുമാക്കുന്നതിനായി 7 നിയമങ്ങളും 10 ചട്ടങ്ങളും സര്‍ക്കാര്‍ ഭേദഗതി ചെയ്തു. വ്യവസായം ആരംഭിക്കുന്നതിന് സര്‍ക്കാരുമായുള്ള ഇടപെടലുകള്‍ ഇ പ്ലാറ്റ്‌ഫോം വഴി ഏകജാലക സംവിധാനത്തിലൂടെയാക്കി.ഇത്തരത്തില്‍ വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് സംവിധാനം വേഗത്തിലാക്കാന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതിയും രൂപീകരിച്ചിട്ടുണ്ട്.സംരംഭം തുടങ്ങാന്‍ അപേക്ഷിച്ച് 30 ദിവസം കഴിഞ്ഞാല്‍ അനുമതി ലഭിച്ചതായുള്ള ഡീംഡ് ലൈസന്‍സ് സംവിധാനം നിലവിലുണ്ട്. 

വന്‍ വ്യവസായങ്ങള്‍ക്ക് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവു നല്‍കുന്ന കാര്യവും പരിഗണനയിലാണ്.  250 കോടിയില്‍പ്പരം നിക്ഷേപമുള്ളതും ആയിരത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായ സ്ഥാപനത്തിന് 15 ഏക്കറിലധികം ഭൂമി കൈവശം വെക്കാമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കും.  റോഡിന്റെ വീതിക്ക് ആനുപാതികമായി മാത്രമേ കെട്ടിടം നിര്‍മിക്കാവൂ എന്ന നിയമം ഇളവു ചെയ്യാനും ഉടന്‍ നടപടി സ്വീകരിക്കും.  നിലവില്‍ എട്ട് മീറ്റര്‍ വീതിയിലുള്ള റോഡിനു സമീപം 18,000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണ്ണമുള്ള കെട്ടിടം അനുവദിക്കില്ല.

സ്ത്രീകള്‍ക്ക് വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെ ജോലി ചെയ്യാന്‍ അനുമതി നല്‍കും. സുരക്ഷിത താമസം അടക്കമുള്ള നടപടികള്‍ സ്ഥാപന ഉടമ സജ്ജീകരിക്കണം. വ്യവസായ യൂണിറ്റുകള്‍ക്ക് ആവശ്യമായ വൈദ്യുതി, വെള്ളം ലഭ്യമാക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കും. 20,000 ചതുരശ്ര അടിയില്‍ അധികമുള്ള സിംഗിള്‍ ഫാക്ടറി കോംപ്ലക്‌സുകള്‍ക്കുള്ള അനുമതി, ജിയോളജി വകുപ്പിന്റെ അനുമതി എന്നിവ ഏക ജാലക സംവിധാനത്തില്‍ ഉള്‍പ്പെടുത്തും.  രജിസ്റ്റര്‍ ചെയ്യുന്ന നിക്ഷേപകര്‍ക്ക് തൊഴിലാളിയെ അടിസ്ഥാനമെടുത്തി 5 വര്‍ഷത്തേക്ക് സബ്‌സിഡി നല്‍കുന്ന പുതിയ പദ്ധതിയും സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാര്‍ഷിക അഭിവൃദ്ധിയിലൂടെയും വ്യാവസായിക വളര്‍ച്ചയിലുടെയും സാമ്പത്തിക മുന്നേറ്റമാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കേരളത്തിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള ഹ്രസ്വ വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.  കിന്‍ഫ്രയെക്കറിക്കുള്ള കോഫീ ടേബിള്‍ ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി. രവി പിള്ള, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ് തുടങ്ങിയവര്‍ പങ്കെടുത്തു.