സംരംഭകരെ സഹായിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍; കെ സ്വിഫ്റ്റ് 2.0 പതിപ്പ് ഉദ്ഘാടനം ചെയ്തു

post

തിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ തയ്യാറാകുന്ന സംരംഭകരുടെ സംശയ നിവാരണത്തിനും ആവശ്യമായ സഹായം നല്‍കുന്നതിനും ടോള്‍ ഫ്രീ സംവിധാനം തയ്യാറായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 18008901030 ആണ് നമ്പര്‍. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ ആഴ്ചയില്‍ ആറ് ദിവസം സേവനം ലഭിക്കും. മലയാളത്തിലും ഇംഗ്ലീഷിലും സംശയനിവാരണം നടത്താനാവും. കെ സ്വിഫ്റ്റ് 2.0 പതിപ്പും പുതിയ സംവിധാനങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതി ചെലവ് എത്രയായാലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റെഡ് കാറ്റഗറി വിഭാഗത്തില്‍ പെടാത്ത സംരംഭങ്ങള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ അനുമതി നല്‍കും. അഞ്ചംഗ സമിതി ഇതിനുള്ള അപേക്ഷ പരിഗണിക്കും. ഈ സമിതിയെ സഹായിക്കാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെല്‍ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിക്ഷേപകര്‍ക്ക് എല്ലാ സഹായവും പിന്തുണയും സര്‍ക്കാര്‍ നല്‍കും. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍, പുതിയ പദ്ധതികള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഇന്‍വെസ്റ്റ് കളക്റ്റ് എന്ന ഇ ന്യൂസ് ലെറ്റര്‍ ആരംഭിച്ചിട്ടുണ്ട്. ഇത് എല്ലാ മാസവും പ്രസിദ്ധീകരിക്കും. കെ സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച പതിപ്പ് വ്യാവസായിക വളര്‍ച്ചയ്ക്ക് സഹായിക്കും. സംരംഭങ്ങളുടെ ലൈസന്‍സും അനുമതിയും ഓണ്‍ലൈനില്‍ പുതുക്കാനാവും. പ്രൊഫഷണല്‍ ടാക്‌സ് നല്‍കാനും ഓണ്‍ലൈന്‍ സംവിധാനമായിട്ടുണ്ട്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി ഏഴ് നിയമങ്ങളും പത്ത് ചട്ടങ്ങളും ഭേദഗതി ചെയ്തു. നിക്ഷേപകരില്‍ ആവേശം ഉളവാക്കിയ ഇടപെടലായിരുന്നു അത്.

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന പ്രതീതി മാറ്റാന്‍ കഴിഞ്ഞ നാലരവര്‍ഷത്തെ ഇടപെടലിലൂടെ കഴിഞ്ഞു. നോക്കുകൂലി പോലെയുള്ള ദുഷ്പ്രവണതയ്ക്കും അറുതിവരുത്താനായി. എങ്കിലും വളരെ അപൂര്‍വമായി ഇത് ചിലയിടങ്ങളില്‍ തുടരുന്നു. തെറ്റായ ഇത്തരം നടപടികള്‍ക്ക് ആരുടെയും പിന്തുണയില്ല. നിയമവിരുദ്ധമായി പ്രവൃത്തിയാണിത്. തെറ്റായ ഇത്തരം നീക്കങ്ങള്‍ കണ്ടാല്‍ ഇടപെടേണ്ട ഏജന്‍സികള്‍ അറച്ചു നില്‍ക്കരുത്. തെറ്റുകണ്ടാല്‍ ശക്തമായി ഇടപെട്ട് കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.