പ്ലാസ്റ്റിക്ക് നിരോധനം: വ്യക്തത വരുത്തി പരിസ്ഥിതി വകുപ്പ്

post

തിരുവനന്തപുരം: പ്ലാസ്റ്റിക്ക് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉയര്‍ന്നുവന്ന സംശയങ്ങള്‍ക്ക് വ്യക്തത വരുത്തി പരിസ്ഥിതി വകുപ്പ്. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക്ക് വസ്തുക്കള്‍ക്ക് പകരം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഇതര / മണ്ണില്‍ ലയിക്കുന്ന തരം (കമ്പോസ്റ്റബിള്‍) വസ്തുക്കളുടെ പട്ടിക പുറത്തുവിട്ടു. 

നിരോധിക്കപ്പെട്ട വസ്തുക്കളുടെയും അവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന വസ്തുക്കളുടെയും പട്ടിക ചുവടെ ചേര്‍ക്കുന്നു.

1. പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ (കന വ്യത്യാസമില്ലാതെ) - തുണി സഞ്ചി /പേപ്പര്‍ ബാഗ്

2. പ്ലാസ്റ്റിക്ക് ഷീറ്റുകള്‍, മേശ വിരികള്‍, പ്ലേറ്റുകള്‍ - പേപ്പര്‍ സ്‌പ്രെഡ്

3. പ്ലേറ്റ്, കപ്പ്, തെര്‍മോഫോള്‍ അല്ലെങ്കില്‍ സ്റ്റിറോഫോം ഉപയോഗിച്ചുള്ള അലങ്കാര വസ്തുക്കള്‍ - ഗ്ലാസ്, സെറാമിക്, സ്റ്റീല്‍ കപ്പ്, പ്ലേറ്റ്, പേപ്പര്‍ മുതലായവ ഉപയോഗിച്ചുള്ള വസ്തുക്കള്‍

4. ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിര്‍മ്മിത കപ്പ്, പ്ലേറ്റ്, പാത്രം, സ്പൂണ്‍, ഫോര്‍ക്ക്, സ്‌ട്രോ, സ്റ്റിറര്‍ മുതലായവ - ഗ്ലാസ്, സെറാമിക്, സ്റ്റീല്‍, മരക്കപ്പ്, പാത്രം, സ്പൂണ്‍, ഫോര്‍ക്ക്, സ്‌ട്രോ, സ്റ്റിറര്‍ 

5. നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക്ക് ബണ്ടിങ്ങ്, പ്ലാസ്റ്റിക്ക് കൊടികള്‍ - തുണി അല്ലെങ്കില്‍ പേപ്പര്‍ ബാഗുകള്‍, കൊടികള്‍, ബണ്ടിങ്ങ് 

6. പച്ചക്കറികളും പഴങ്ങളും പൊതിയാനുപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പാക്കറ്റുകള്‍ - തുണി അല്ലെങ്കില്‍ പേപ്പര്‍ ബാഗുകള്‍

7. പ്ലാസ്റ്റിക്ക് കോട്ടിങ്ങുള്ള പേപ്പര്‍ കപ്പുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, പേപ്പര്‍ ബൗളുകള്‍, പേപ്പര്‍ ബാഗുകള്‍ - പിഎല്‍എ കോട്ടിങ്ങോടുകൂടിയ പേപ്പര്‍ കപ്പുകള്‍ (സിപിസിബി, ഐഎസ്: 17088 അംഗീകരിച്ചവ) 

8. പ്ലാസ്റ്റിക്ക് നിര്‍മ്മിത ഗാര്‍ബേജ് ബാഗുകള്‍ (ആശുപത്രി ആവശ്യത്തിനുള്‍പ്പെടെ ഉള്ളവ) - കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക്ക് ഗാര്‍ബേജ് ബാഗുകള്‍ (സിപിസിബി, ഐഎസ്: 17088 അംഗീകരിച്ചവ) 

കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക്ക് വസ്തുക്കളില്‍ അവ നിര്‍മ്മിച്ച കമ്പനിയുടെ പേര്, ഏജന്‍സി, നിര്‍മ്മിത വസ്തുക്കള്‍, നിര്‍മാണ തീയതി, ബാച്ച് നമ്പര്‍, സിപിസിബി അംഗീകാരം സംബന്ധിച്ച വിവരങ്ങളും (ലൈസന്‍സ് നമ്പറും വാലിഡിറ്റിയുമുള്‍പ്പെടെ) ക്യു ആര്‍ കോഡ് രൂപത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഈ വസ്തു പൂര്‍ണമായും ദ്രവിക്കുന്നതരം (കമ്പോസ്റ്റബിള്‍) പ്ലാസ്റ്റിക്കാല്‍ നിര്‍മ്മിതമാണെന്നത് ഇംഗ്ലീഷിലും മലയാളത്തിലും എഴുതേണ്ടതാണ്. ഈ വസ്തു ഡൈക്ലോറോ മീഥെയ്‌നില്‍ അലിയുന്നതാണെന്നും പാക്കറ്റില്‍ എഴുതിച്ചേര്‍ക്കേണ്ടതാണ് (This product dissolves in Dichloromethane (Methylene dichloride)).