പാലാരിവട്ടം പാലം പൊളിച്ച് പണിയുന്ന പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും: മുഖ്യമന്ത്രി

post

തിരുവനന്തപുരം:  സുപ്രീം കോടതി ഉത്തരവിന്റെ കൂടി പശ്ചാത്തലത്തില്‍ പാലാരിവട്ടം പാലം പൊളിച്ച് പണിയുന്ന പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഇ. ശ്രീധരനുമായി സംസാരിച്ചു. നിര്‍മാണ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എട്ടുമാസത്തിനകം പണി പൂര്‍ത്തിയാക്കാനാവുമെന്ന് ഇ. ശ്രീധരന്‍ അറിയിച്ചു.

ഗതാഗതത്തിന് തുറന്നു നല്‍കിയ ഒരു വര്‍ഷത്തിനുള്ളില്‍ പാലത്തില്‍ വിള്ളലുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പരിശോധനയ്ക്ക് തയ്യാറായത്. പ്രാഥമിക പരിശോധനയില്‍ തന്നെ ഗുരുതരമായ അപാകത കണ്ടെത്തി. തുടര്‍ന്ന് വിശദമായി പരിശോധിക്കാന്‍ ഇ. ശ്രീധരനെയും മദ്രാസ് ഐഐടിയെയും ചുമതലപ്പെടുത്തി. അവരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷമാണ് പാലം പൊളിക്കാന്‍ തീരുമാനിച്ചത്.

പാലം നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണ്. അഴിമതി നടത്തിയവര്‍ രക്ഷപ്പെടില്ല. അവരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.