എരിഞ്ഞിക്കീല്‍ - കിഴക്കേമുറി - പത്തില്‍ പൊറായി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

post

കാസര്‍കോട്: ചെറുവത്തൂര്‍ പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍ - കിഴക്കേമുറി - പത്തില്‍ പൊറായി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ചു. ഫിഷറീസ് വകുപ്പിന്റെ തുക ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം നടത്തുക. കോവിഡ് പ്രതിസന്ധിക്കിടയിലും വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്താതെ അതീവ ജാഗ്രതയോടെ മുന്നോട്ടുകൊണ്ട് പോകുന്നതിനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. ജനപക്ഷം ചേര്‍ന്നുകൊണ്ട് നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഫിഷറീസ് വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. പ്രതിസന്ധിക്കിടയിലും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റി കൊണ്ട് ജനങ്ങള്‍ക്ക് പ്രകാശമായി, ആത്മധൈര്യം നല്‍കി ഗവണ്‍മെന്റ് മുന്നോട്ടുപോവുകയാണ്. കാസര്‍കോട് ജില്ലയില്‍ 220.4 ലക്ഷം രൂപയാണ് ഫിഷറീസ് വകുപ്പിന്റെ നാല് റോഡുകള്‍ക്കയി വകയിരുത്തിയതെന്ന് മന്ത്രി പറഞ്ഞു

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂര്‍ പഞ്ചായത്തില്‍ തീരദേശ മേഖലയിലുള്ള പ്രധാന റോഡാണ് എരഞ്ഞിക്കല്‍ - കിഴക്കേമുറി - പത്തില്‍ പൊറായി റോഡ.് ഈ റോഡിന്റെ നവീകരണത്തിനായി 92 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.പതിക്കാല്‍ പുഴയുടെ ഓരത്തോട് ചേര്‍ന്നുപോകുന്ന ഈ റോഡിന്റെ വലിയൊരു ഭാഗം പുഴയിലേക്ക് താഴ്ന്ന പോയതിനാല്‍ നിലവില്‍ വലിയ വാഹനങ്ങള്‍ക്ക് ഇതിലൂടെ സഞ്ചരിക്കാന്‍ കഴിയില്ല.റോഡിന്റെ നവീകരണം പൂര്‍ത്തിയാകുന്നതോടെ ഇതിന് പരിഹാരമാകും. ഇതിനായി ആധുനിക സംവിധാനം ഉപയോഗിച്ച് പുഴക്ക് പാര്‍ശ്വഭിത്തി നിര്‍മ്മിച്ചായിരിക്കും റോഡ് പുനര്‍നിര്‍മ്മിക്കുക. ഡിസംബറോടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. 

ഉദുമ നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനവും ഒരു റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. 100.2 ലക്ഷം ചിലവിട്ട് നിര്‍മ്മിച്ച ചെമ്മനാട് പഞ്ചായത്തിലെ ചാത്തംങ്കൈ ചെമ്പിരിക്ക സ്‌കൂള്‍ റോഡ്, 38.3 ലക്ഷം ചിലവിട്ട് നിര്‍മ്മിച്ച ഉദുമ പഞ്ചായത്തിലെ മാലംകുന്ന് നാഗദേവാലയം റോഡ് എന്നിവ മന്ത്രി നാടിന് സമര്‍പ്പിച്ചു.18.23 ലക്ഷം ചിലവിട്ട് നവീകരിക്കുന്ന വാണിയാല്‍മൂല ചേടിക്കമ്പനി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം പി സി സുബൈദ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ വി വി സുനിത, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിവി പ്രമീള എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ സുനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ സ്വാഗതവും ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ പി ആര്‍ രാജേഷ് നന്ദിയും പറഞ്ഞു.