ജ്വല്ലറികളില്‍ എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ല

post

കാസര്‍കോട്: ജില്ലയിലെ ജ്വല്ലറികളില്‍ ഒരു കാരണവശാലും എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സ്ഥാപനങ്ങളില്‍ 100 സ്‌ക്വയര്‍ മീറ്റര്‍ ചുറ്റളവില്‍ സ്റ്റാഫും കസ്റ്റമര്‍മാരും അടക്കം പരമാവധി 15 പേരെ മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ. ഒരു സമയം സ്ഥാപനത്തിനകത്ത് പ്രവേശിക്കുന്നവരുടെ എണ്ണം ഇത്തരത്തില്‍ നിയന്ത്രിക്കേണ്ടതാണ്. സ്ഥാപനത്തിലെ ജീവനക്കാര്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. ജ്വല്ലറികളിലെ ആഭരണങ്ങള്‍ അണിഞ്ഞ് ട്രയല്‍ നോക്കുന്നത് രോഗ വ്യാപനത്തിന് വഴിവെക്കും. അതിനാല്‍ കൃത്യമായി അണുനശീകരണം നടത്തണം. ഇതിനായി അള്‍ട്രാ വയലറ്റ് സാങ്കേതിക വിദ്യയുള്ള കണ്ടെയിനറുകള്‍ ഉപയോഗിക്കാവുന്നതാണ്.

എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ട് ജ്വല്ലറി പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണെന്നും ഇതില്‍ വീഴ്ച കണ്ടെത്തിയാല്‍ 14 ദിവസത്തേക്ക് അടച്ചിടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതാണെന്ന് യോഗത്തില്‍ പങ്കെടുത്ത ജ്വല്ലറി ഉടമസ്ഥരുടെ പ്രതിനിധികള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. 

യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ, എഡിഎം എന്‍. ദേവീദാസ്, സബ് കളക്ടര്‍ ഡി. ആര്‍. മേഘശ്രീ, ഡിഎംഒ ഡോ. എ. വി. രാംദാസ്, കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.