റേഷന്‍ സംബന്ധമായ പരാതികള്‍ നല്‍കാം

post

കാസര്‍കോട് : ജില്ലയിലെ  റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരത്തെ സംബന്ധിച്ചും റേഷന്‍ കടകളുടെ  പ്രവര്‍ത്തനത്തെപ്പറ്റിയുള്ളതുമായ പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലാതലത്തില്‍ ഓഫീസ് ആരംഭിച്ചു. കളക്ടറേറ്റില്‍  ജില്ലാ സപ്ലൈസ് ഓഫീസിനോട് അനുബന്ധിച്ചാണ് ഓഫീസ് പ്രവര്‍ത്തിക്കുക.ഭക്ഷ്യ ഭദ്രതാ നിയമം 2013 അനുശാസിക്കുന്ന രീതിയില്‍   റേഷന്‍ കടകള്‍ വഴി കുറ്റമറ്റരീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിന്  മുന്നോടിയായി,പരാതി പരിഹരിക്കുന്നതിനാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. റേഷന്‍ സംബന്ധമായ പരാതികള്‍ ഈ ഓഫീസിലും ജില്ലാതല പരാതി പരിഹാര നോഡല്‍ ഓഫീസര്‍ കൂടിയായ എഡിഎമ്മിന് നേരിട്ടും  ഇമെയില്‍ മുഖനേയും   നല്‍കാം. കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ എഡിഎമ്മിനെയും ജില്ലാ സപ്ലൈ ഓഫീസറെയും ഫോണ്‍ വഴിയും പരാതി അറിയിക്കാം. റേഷന്‍ സാധനങ്ങളുടെ അളവ്,വില,തൂക്കം എന്നിവ സംബന്ധിച്ചും റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തെ സംബന്ധിച്ചും റേഷന്‍ കാര്‍ഡില്‍ പേര് ഉണ്ടായിട്ടും  റേഷന്‍ കടയുടമ  റേഷന്‍ നിഷേധിക്കുന്നുണ്ടെങ്കില്‍,അത് സംബന്ധിച്ചും പരാതി  നല്‍കാം. പരാതി നല്‍കേണ്ട മെയില്‍ വിലാസം dgrokasaragod@gmail.com.  എഡിഎമ്മിന്റെ ഫോണ്‍ നമ്പര്‍ 9447726900, ജില്ലാ സപ്ലൈ ഓഫീസര്‍ ഫോണ്‍ നമ്പര്‍ 9188527328.