കാസര്‍കോട് വികസന പാക്കേജില്‍ കാസര്‍കോടിന് ലഭിച്ചത് 238 പദ്ധതികള്‍; റവന്യൂ മന്ത്രി

post

കാസര്‍കോട്  : കഴിഞ്ഞ അഞ്ച് വര്‍ഷ കാലത്തിനുള്ളില്‍ കാസര്‍കോട് ജില്ലയ്ക്ക് പ്രത്യേകമായി കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നല്‍കിയത് 238 പദ്ധതികളാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. അജാനൂര്‍ പഞ്ചായത്തിലെ പാറക്കടവ് പാലം ഓറവങ്കര പള്ളത്തിങ്കാല്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എല്ലാ വര്‍ഷവും കാസര്‍കോട് വികസന പാക്കേജിന്റെ സുഗമമായ നടത്തിപ്പിനായി ബജറ്റില്‍ 90 ലക്ഷം രൂപ പ്രത്യേകമായി നീക്കി വെച്ചു. അങ്ങനെ നീക്കിവെച്ച തുകയില്‍ നിന്നാണ് പ്രാദേശിക വികസനത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. മറ്റ് ജില്ലകള്‍ക്ക് ലഭിക്കുന്നതുപോലെ കാസര്‍കോടിന് നല്‍കുന്ന വിഹിതത്തിന് പുറമേയാണ് ഇത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 30 സ്‌കളുകള്‍് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് സ്മാര്‍ട്ടാകാനായി മൂന്ന് കോടി രൂപ സര്‍ക്കാര്‍ നല്‍കിയത്. ഒരു കോടി രൂപ 21 വിദ്യാലയങ്ങള്‍ക്കും ലഭിച്ചു. സംസ്ഥാനത്താകെ 57000 കോടി രൂപയുടെ വികസന പ്രവര്‍ത്തികളാണ് കിഫ്ബിയിലൂടെ അടിസ്ഥാന വികസന രംഗത്ത് നടന്നുകൊണ്ടിരിക്കുന്നത്. ആയിരം കോടിയോളം രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കി കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിചേര്‍ത്തു.അജാനൂര്‍ പഞ്ചായത്തിലെ തന്നെ മുച്ചിലോട്ട് പാലം സര്‍ക്കാറിന്റെ പരിഗണനയിലാണ്. ചില സാങ്കേതിക തടസ്സങ്ങള്‍ മാറിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ മുച്ചിലോട്ട് കാരുടെ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

പാറക്കടവ് പാലം ഓറവങ്കരപള്ളത്തിങ്കാല്‍ റോഡ് പ്രവൃത്തി റവന്യൂ  മന്ത്രി ഉദ്ഘാടനം ചെയ്തു

പാറക്കടവ് പാലം ഓറവങ്കരപള്ളത്തിങ്കാല്‍ റോഡ് പ്രവൃത്തി റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരന്‍ ചടങ്ങില്‍ അധ്യക്ഷനായി. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പ്രകാശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത്, അജാനൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജ്മോഹന്‍ സ്വാഗതവും പഞ്ചായത്ത് റോഡ് വികസന കമ്മറ്റി കണ്‍വീണര്‍ എം ബാലകൃഷണ്ന്‍ നന്ദിയും പറഞ്ഞു.

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പാറക്കടവ് പാലം മുതല്‍ പള്ളത്തിങ്കാല്‍ വരെയുള്ള 1.8 കിലോമീറ്റര്‍ റോഡ് ബി.എം, ബിസി ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്ന പദ്ധതിക്ക് 1.92 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഡിന്റെ വീതിയും ഘനവും വര്‍ധിപ്പിച്ച് അഭിവൃദ്ധിപ്പെടുത്തി ട്രോഫിക്ക് സുരക്ഷോ ബോര്‍ഡുകള്‍ സ്ഥാപിച്ച് നല്‍കും. ആറ് മാസക്കാലമാണ് പ്രവൃത്തിയുടെ പൂര്‍ത്തീകരണ കാലാവധി. സര്‍ക്കാരിന്റെ പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന നയത്തെ തുടര്‍ന്ന് ഒറവങ്കര പള്ളത്തിങ്കാല്‍ റോഡ് അഭിവൃദ്ധിപ്പെടുമ്പോള്‍ അജാനൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ് പൂവണിയുന്നത്.