നീലേശ്വരം ഇനി തരിശുരഹിത നഗരസഭ

post

തരിശുരഹിത നഗരസഭ പ്രഖ്യാപനം റവന്യു മന്ത്രി നിര്‍വ്വഹിച്ചു

കാസര്‍ഗോഡ് :നീലേശ്വരം നഗരസഭയെ സമ്പൂര്‍ണ്ണ തരിശുരഹിത നഗരസഭയായി  റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചു. സുഭിക്ഷ കേരളം പദ്ധതിയിലൂടെ തരിശുഭൂമിയെ കൃഷിഭൂമിയാക്കി മാറ്റാന്‍ നമുക്ക് കഴിഞ്ഞു. ഇതിനുള്ള  ഉദാഹരണമാണ് നീലേശ്വരം നഗരസഭയില്‍  നടപ്പാക്കിയിരിക്കുന്നത്. തരിശുഭൂമി കൃഷിഭൂമിയാക്കി കൃഷി വര്‍ദ്ധിപ്പിക്കുകയും അതുവഴി തരിശു രഹിത നഗരസഭയായി മാറുകയും ചെയ്ത നഗരസഭാ ഭരണസമിതിയെ മന്ത്രി അഭിനന്ദിച്ചു.

വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെയാണ് നീലേശ്വരം  തരിശു രഹിത നഗരസഭയായി മാറിയത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ സര്‍വ്വേ നടത്തി കണ്ടെത്തിയ 42 ഏക്കര്‍ സ്ഥലത്തും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 15.2 ഹെക്ടര്‍ സ്ഥലത്തുമാണ് നീലേശ്വരം നഗരസഭയുടെ വിപുലമായ കൃഷി ആരംഭിച്ചത്. നെല്ല,് കിഴങ്ങ,് ചെറുധാന്യങ്ങള്‍, പയര്‍, പച്ചക്കറി തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. നഗരസഭയുടെ തനത് സംരംഭമായ 'വിത്തും കൈക്കോട്ടും' വഴി 12000 വീടുകളിലേക്ക് അഞ്ച് ഇനത്തില്‍പെട്ട 15 വിത്ത് കിറ്റുകളും ടിഷു കള്‍ച്ചര്‍ വാഴകളും ലഭ്യമാക്കി. കൂടാതെ വിത്ത് നഗരം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക സര്‍വകലാശാലയുടെ അഞ്ച് ഏക്കര്‍ നിലത്ത് കൃഷിക്കുള്ള വിത്ത് ഉല്പാദിപ്പിക്കുന്നു. 

ചടങ്ങില്‍ എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനായി. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി രാജന്‍ ജയരാജന്‍ സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍പേഴ്സണ്‍ വി ഗൗരി, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എ കെ കുഞ്ഞികൃഷ്ണന്‍, തോട്ടത്തില്‍ കുഞ്ഞികൃഷ്ണന്‍, നഗരസഭാ കൗണ്‍സില്‍ അംഗം പി വി രാധാകൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ ബാലകൃഷ്ണന്‍,  എം അസിനാര്‍,  എം രാധാകൃഷ്ണന്‍ നായര്‍, ഇബ്രാഹിം പറമ്പത്ത്,  വെങ്ങാട്ട് കുഞ്ഞിരാമന്‍, കൈപ്രത്ത്  കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഹരിത മിഷന്‍ കോ-ഓഡിനേറ്റര്‍  എം സുബ്രമണ്യന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി പി കപില്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ സെക്രട്ടറി സി  കെ ശിവജി നന്ദി പറഞ്ഞു