മുട്ടം ഇനി ശുചിത്വ ഗ്രാമ പഞ്ചായത്ത്; പദവി പ്രഖ്യാപനം നടത്തി

post

ഇടുക്കി: മുട്ടം ഗ്രാമ പഞ്ചായത്തിന് ലഭിച്ച ശുചിത്വ പദവിയുടെ പ്രഖ്യാപനം പ്രസിഡന്റ്് കുട്ടിയമ്മ മൈക്കിള്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ഭരണസമിതി, ശുചിത്വമിഷന്‍. ഹരിത കര്‍മ്മസേന, ആരോഗ്യ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ ശ്രമഫലമായിട്ടാണ് ശുചിത്വ പദവി നേടാന്‍ കഴിഞ്ഞതെന്നും വരുന്ന ഭരണസമിതിക്ക് ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാവുമെന്നും പ്രസിഡന്റ് പറഞ്ഞു. മുട്ടം ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ മുഴുവന്‍ വീടുകളില്‍ നിന്നും യൂസര്‍ ഫീ കളക്ട് ചെയ്യാന്‍ കഴിഞ്ഞതില്‍ വാര്‍ഡ് മെമ്പര്‍ ഷീല സന്തോഷിനെയും ഹരിത കര്‍മ്മ സേന അംഗങ്ങളെയും വാര്‍ഡിലെ ജനങ്ങളെയും യോഗത്തില്‍ അഭിനന്ദിച്ചു. 

മുട്ടത്ത് സംഘടിപ്പിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഷീലാ സന്തോഷ് അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോക്ടര്‍ മധു മുഖ്യപ്രഭാഷണം നടത്തി. മെമ്പര്‍മാരായ ഔസേപ്പച്ചന്‍ ചാരക്കുന്നത്ത്, പി. എസ്. സതീഷ്, സുമോള്‍ ജോയ്‌സണ്‍, ബൈജു കുര്യന്‍, ബീന ജോര്‍ജ് ജോര്‍ജ്, മേരിക്കുട്ടി വര്‍ഗീസ്, വിഇഒമാര്‍, ഹരിത കര്‍മ്മ സേന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. സമ്മേളനത്തില്‍ മുന്‍ വൈസ് പ്രസിഡന്റ് റിന്‍സി സുനീഷ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ലൗജി എം. നായര്‍ നന്ദിയും രേഖപ്പെടുത്തി.