ഹരിതകർമ്മസേന ഭാരവാഹികളുടെ സംഗമം നടത്തി

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഹരിതകർമസേന കൺസോർഷ്യം ഭാരവാഹികളുടെ സംഗമം സംഘടിപ്പിച്ചു. എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ ശ്രീലേഖ. സി ഉദ്ഘാടനം നിർവഹിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണ് ഹരിതകർമസേനാംഗങ്ങളെന്നും അവരുടെ പ്രവർത്തനം ഈ നാടിന് അഭിമാനമാണെന്നും അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഷിബു. ജി അധ്യക്ഷത വഹിച്ചു. ഹരിതകർമ്മസേന അധിക വരുമാന മാർഗങ്ങൾ എന്ന വിഷയത്തിൽ ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. അജയ് പി. കൃഷ്ണയും ട്രെയിനർ രമ്യയും വിഷയാവതരണം നടത്തി. ജൈവ വള നിർമ്മാണം, വെസ്സൽ ബാങ്ക്, ബദൽ ഉൽപ്പന്ന നിർമാണം, ആക്രി കച്ചവടം, എൽ.ഇ.ഡി ബൾബ് റിപ്പയറിങ്, പഴയ പത്രം മാസിക എന്നിവയുടെ ശേഖരണം, കൃഷി, വിവിധ നൈപുണ്യ പരിശീലനം നൽകൽ എന്നിങ്ങനെയുള്ള സാധ്യതകൾ ചർച്ച ചെയ്തു.
ഹരിതകർമ്മ സേന-കുടുംബശ്രീ ബന്ധം എന്ന വിഷയത്തിൽ ഹരിതകർമ്മസേന സംസ്ഥാന കോ-ഓർഡിനേറ്റർ വിജീഷ് എസും ക്ലാസെടുത്തു. ബുക്ക് കീപ്പിങ് ആൻഡ് ഓഡിറ്റിങ് എന്ന വിഷയത്തിൽ കാസ് ടീം അംഗം ഷീനയും ക്ലാസെടുത്തു.
കുടുംബശ്രീ ജില്ലാ മിഷൻ ഡി.പി.എം അരുൺ വി. എ, ഹരിതകർമ്മസേന ജില്ലാ കോ- ഓർഡിനേറ്റർ ആഷ്ലി അലക്‌സ്, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, ജില്ലയിലെ 52 പഞ്ചായത്തുകളുടെയും രണ്ട് നഗരസഭകളിലെയും കൺസോർഷ്യം ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ ഒരു തൈ നടാം ജനകീയ ക്യാമ്പയിനെ പറ്റി വിശദീകരിക്കുകയും ഓഗസ്റ്റ് 3 ന് തൈ കൈ മാറാനും തീരുമാനിച്ചു.